നഗരസഭയുടെ പ്രവർത്തനങ്ങളെ വിമർശിക്കുന്ന മന്ത്രി വി. ശിവൻകുട്ടിയും എം.എല്‍.എ വി.കെ. പ്രശാന്തും വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് മേയർ വി.വി.
രാജേഷ്. പതിറ്റാണ്ടുകളോളം നഗരം ഭരിച്ചവർ വെറും മൂന്ന് മാസം മാത്രമായ പുതിയ ഭരണസമിതിയെ കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഭരിക്കുന്ന പാർട്ടിയാണ് ബിജെപി. എങ്ങനെ ഭരിക്കണമെന്ന് തങ്ങളെ ആരും പഠിപ്പിക്കേണ്ടതില്ലെന്നും അതിന് കൃത്യമായ സംവിധാനങ്ങള്‍ പാർട്ടിക്കുണ്ടെന്നും മേയർ ഓർമ്മിപ്പിച്ചു.
നഗരത്തില്‍ കുടിവെള്ളം എത്തിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 'വാർ റൂം' സജ്ജമാക്കിയിട്ടുണ്ട്. കോർപ്പറേഷന്റെ ടാങ്കർ ലോറികള്‍ നിരന്തരമായി സർവീസ് നടത്തുന്നു. കേന്ദ്ര സർക്കാരില്‍ സമ്മർദ്ദം ചെലുത്തി ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കാൻ കോർപ്പറേഷന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പല റോഡുകളിലും ഇപ്പോള്‍ വെള്ളക്കെട്ടാണ്. ബിസിനസ് മാത്രം ലക്ഷ്യമിട്ട് ബില്ലുകള്‍ ഒപ്പിട്ടു നല്‍കിയതല്ലാതെ കൃത്യമായ മേല്‍നോട്ടം മുൻ ഭരണസമിതി നടത്തിയില്ലെന്ന് മേയർ ആരോപിച്ചു.
ലക്ഷങ്ങള്‍ മുടക്കി നിർമ്മിച്ച വാട്ടർ കിയോസ്കുകളും ഷീ ടോയ്ലറ്റുകളും മാസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രവർത്തനരഹിതമായത് മുൻ ഭരണകാലത്താണ്.
പെരുമാറ്റച്ചട്ടം മാറുന്നതോടെ ഇവയെല്ലാം പ്രവർത്തനസജ്ജമാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. നഗരത്തില്‍ ഇതിനോടകം നൂറിലധികം ലോഡ് മാലിന്യം നീക്കം ചെയ്തു. ആമയിഴഞ്ചൻ തോട്ടില്‍ ഉള്‍പ്പെടെ റെയില്‍വേയുടെ ഭാഗത്തുള്ള മാലിന്യങ്ങള്‍ മാറ്റാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മാറ്റിയ മാലിന്യങ്ങള്‍ റോഡരികില്‍ കൂട്ടിയിട്ടിട്ടില്ലെന്നും രാജേഷ് വ്യക്തമാക്കി. സംസ്ഥാന സർക്കാർ ചെയ്യേണ്ട ഉത്തരവാദിത്തങ്ങള്‍ അവർ കൃത്യമായി നിർവഹിക്കണമെന്നും രാഷ്ട്രീയ താല്‍പ്പര്യത്തോടെ നഗരസഭയെ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

