ശ്രീനഗർ : ജമ്മു കശ്മീരിലെ കിഷ്ത്വാർ, ദോഡ ജില്ലകളില്‍ ചൊവ്വാഴ്ച വൈകിട്ടുണ്ടായ തുടർച്ചയായ മേഘവിസ്‌ഫോടനങ്ങള്‍ വലിയ നാശനഷ്ടങ്ങള്‍ക്കും ഗതാഗത തടസ്സങ്ങള്‍ക്കും കാരണമായി.
മണിക്കൂറുകളോളം നീണ്ട ശക്തമായ മഴയെത്തുടർന്ന് റോഡുകളിലേക്ക് മലവെള്ളവും മണ്ണിടിച്ചിലും ഇരച്ചെത്തിയത് ജനങ്ങളെ ദുരിതത്തിലാക്കി. സംഭവത്തെത്തുടർന്ന് ഇരു ജില്ലകളിലും ഭരണകൂടം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് അതീവ ജാഗ്രത തുടരുകയാണ്. അടുത്ത ദിവസങ്ങളിലും ജാഗ്രത പാലിക്കാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ തുടങ്ങിയ കനത്ത മഴ ഒരു മണിക്കൂറോളം തുടർന്നു. ഇതിനിടയിലാണ് ദോഡ ജില്ലയിലെ താത്രി, കിഷ്ത്വാറിലെ ദ്രാബ്ശാല, സർതാല്‍ എന്നീ മേഖലകളില്‍ മേഘവിസ്‌ഫോടനങ്ങള്‍ ഉണ്ടായത്. ഈ പ്രകൃതിക്ഷോഭത്തില്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാല്‍, താത്രി പ്രദേശത്ത് റോഡിലൂടെ ഒഴുകിയ മണ്ണും കല്ലും വാഹനങ്ങളെ പൂർണ്ണമായും മൂടിയ നിലയിലായിരുന്നു. നിരവധി വീടുകളിലേക്ക് ചെളിയും വെള്ളവും ഇരച്ചുകയറി.
ബടോട്ട്-ദോഡ-കിഷ്ത്വാർ ദേശീയ പാതയില്‍ ഉണ്ടായ ഗതാഗത തടസ്സം മൂന്ന് മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യാൻ സാധിച്ചെങ്കിലും, താത്രി-ദ്രാബ്ശാല റോഡിലെ മാച്ചിപാം, സരൂർ മേഖലകളില്‍ രാത്രി വൈകിയും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങള്‍ തുടരുകയായിരുന്നു. മദ്രസക്ക് നേരെയുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയ വിദ്യാർഥികളെ സന്നദ്ധപ്രവർത്തകർ സുരക്ഷിതമായി പുറത്തെത്തിച്ചു. വെള്ളക്കെട്ടില്‍ കുടുങ്ങിയ വാഹനങ്ങളില്‍ നിന്ന് ആളുകളെ രക്ഷപ്പെടുത്താനും അവർ മുൻകൈ എടുത്തു.
കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി ജില്ലയില്‍ മേഘവിസ്‌ഫോടനങ്ങള്‍ പതിവാണെന്ന് കിഷ്ത്വാർ ഡെപ്യൂട്ടി കമ്മീഷണർ പങ്കജ് ശർമ പറഞ്ഞു. മഴക്കാലത്ത് ജലാശയങ്ങളില്‍ നിന്നും തോടുകളില്‍ നിന്നും ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റവന്യൂ, പൊതുമരാമത്ത്, ആരോഗ്യവകുപ്പ് തുടങ്ങി എല്ലാ പ്രധാന വകുപ്പുകളെയും അടിയന്തര സാഹചര്യങ്ങള്‍ നേരിടാൻ സജ്ജമാക്കിയിട്ടുണ്ട്. നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്യാൻ തഹസില്‍ദാർമാർക്ക് കർശന നിർദേശമുണ്ട്.
സ്ഥിതിഗതികള്‍ ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നേരിട്ട് നിരീക്ഷിച്ചുവരികയാണ്. കിഷ്ത്വാർ, ദോഡ ഡെപ്യൂട്ടി കമ്മീഷണർമാരുമായി അദ്ദേഹം സംസാരിച്ചിട്ടുണ്ട്. റോഡുകള്‍, ദേശീയ പാതകള്‍, ജലവിതരണ പൈപ്പ്‌ലൈനുകള്‍ എന്നിവ എത്രയും വേഗം പുനഃസ്ഥാപിക്കാൻ അദ്ദേഹം നിർദേശം നല്‍കി. അടിയന്തര സാഹചര്യങ്ങള്‍ നേരിടാൻ മെഡിക്കല്‍ ടീമുകളെയും ഫീല്‍ഡ് സ്റ്റാഫുകളെയും സജ്ജമാക്കിയിട്ടുണ്ട്. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായ സ്ഥലങ്ങളില്‍ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഉടൻ ആരംഭിക്കുമെന്ന് ലഫ്റ്റനന്റ് ഗവർണർ വ്യക്തമാക്കി.

