തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് നായകനായ 'ജനനായകൻ' റിലീസിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.
ചിത്രം ജൂണില്‍ റിലീസ് ചെയ്യുമെന്നാണ് സൂചന. ഈ മാസം ആദ്യം തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്‍യുടെ ഈ ചിത്രം കഴിഞ്ഞ അഞ്ചു മാസമായി വിവിധ കാരണങ്ങളാല്‍ റിലീസ് നീണ്ടുപോവുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് തീയതി ചില ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമുകളില്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട് എന്നതാണ് ഏറ്റവും പുതിയ വിവരം.
നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസില്‍നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ലെങ്കിലും ബുക്കിങ് ആപ്പുകളില്‍ ചിത്രം ജൂണില്‍ റിലീസ് ചെയ്യുമെന്നാണ് കാണിച്ചിരിക്കുന്നത്. ഡിസ്ട്രിക്റ്റ് ആപ്പില്‍ 'ജനനായകൻ' സിനിമയുടെ റിലീസ് ജൂണ്‍ 19 നാണെന്നാണ് കാണിച്ചിട്ടുണ്ട്. ബുക്ക്മൈഷോയില്‍ കൃത്യം റിലീസ് തീയതി പറഞ്ഞിട്ടില്ലെങ്കിലും ജൂണില്‍ റിലീസുണ്ടാകുമെന്നാണ് പറയുന്നത്. ചിത്രത്തിന്റെ നിർമാതാവായ വെങ്കട്ട് കെ. നാരായണൻ വെള്ളിയാഴ്ച വൈകുന്നേരം മാധ്യമങ്ങളെ അഭിസംബോധന ചെയ്തെങ്കിലും, സെൻസർ സർട്ടിഫിക്കറ്റിനായി ടീം ഇപ്പോഴും കാത്തിരിക്കുകയാണെന്നാണ് പറഞ്ഞത്.

