കോഴിക്കോട്: ജില്ലയില്‍ ബീഫ്‍ വില വർധിപ്പിക്കാൻ ഓള്‍ കേരള മീറ്റ് മർച്ചന്റ്‌സ് അസോസിയേഷൻ തീരുമാനിച്ചു. എല്ലുള്ളതിന് കിലോക്ക് 400 രൂപയും എല്ലില്ലാത്ത ഇറച്ചി കിലോക്ക് 460 രൂപയുമായി വർധിക്കും.
ഓള്‍ കേരള മീറ്റ് മർച്ചന്റ്‌സ് അസോസിയേഷൻ ജില്ല ജനറല്‍ ബോഡി യോഗമാണ് വിലവർധിപ്പിക്കാൻ തീരുമാനിച്ചത്. നിലവില്‍ എല്ലുള്ളതിന് 340 രൂപയും എല്ലില്ലാത്തതിന് 360 രൂപയുമായുമാണ് വില.
കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും കന്നുകാലികള്‍ക്ക് അനിയന്ത്രിതമായി വില വർധിച്ചതും മാംസ വ്യാപാര മേഖലയിലെ ഉപോത്പ്പന്നങ്ങളായ തുകല്‍, എല്ല്, നെയ്യ് എന്നിവയിക്കുണ്ടായ വിലയിടുവുമാണ് വില വർധിപ്പിക്കാൻ നിർബന്ധിതരാക്കിയതെന്ന് ഓള്‍ കേരള മീറ്റ് മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.കെ. സാദിഖ് പറഞ്ഞു. ചെലവൂർ സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയിത്തില്‍ ചേർന്ന യോഗത്തില്‍ ജില്ല പ്രസിഡന്റ് കെ.പി. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ. സെക്രട്ടറി ജംഷീർ, ജില്ല സെക്രട്ടറി അബ്ദുള്‍ ഗഫൂർ, ട്രഷറർ ഇസ്ഹാക്ക് മൂഴിക്കല്‍, അബ്ദുല്‍ ഹമീദ്, റഊഫ് പൊറ്റമ്മല്‍, അഷറഫ് കടലുണ്ടി, നാസർ കല്ലായി, മനാഫ് പന്നിയങ്കര, നൗഫല്‍ പറമ്പത്ത്, ലിബാസ് തടമ്പാട്ട് താഴം എന്നിവർ സംസാരിച്ചു.
സംസ്ഥാനത്ത് മുമ്പ് ഇറച്ചിക്കും വില വർധിച്ചിരുന്നു. ട്രോളിങ് നിരോധനം കാരണം മത്സ്യത്തിനും തൊട്ടാല്‍ പൊള്ളുന്ന വിലയായിരിക്കുകയാണ്. പാല്‍ പച്ചക്കറി തുടങ്ങി സാധാകരണക്കാരുടെ ദൈനംദിന ജീവിതത്തിലെ എല്ലാത്തിൻറെയും വില കൂടുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. ഇതിനിടയിലാണ് ഇപ്പോള്‍ ബീഫിൻറെയും വില വർധനവ്.

