Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കനത്ത മഴ ; മുല്ലപ്പെരിയാറില്‍ രണ്ടു ദിവസംകൊണ്ട് ജലനിരപ്പ് ഉയര്‍ന്നത് അഞ്ച് അടി

കനത്ത മഴ ; മുല്ലപ്പെരിയാറില്‍ രണ്ടു ദിവസംകൊണ്ട് ജലനിരപ്പ് ഉയര്‍ന്നത് അഞ്ച് അടി

കുമളി: കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടില്‍ ഉയർന്നത് അഞ്ച് അടി വെള്ളം.

ജൂലൈ 31ന് 112.45 അടിയായിരുന്ന ജലനിരപ്പ് ഇന്നലെ രാവിലെ 117.40 അടിയായി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡില്‍ 2649 അടിയായിരുന്നത് 6100 ഘന അടിയായാണ് വർധിച്ചത്. തമിഴ്നാട്ടിലേക്ക് സെക്കൻഡില്‍ 256 ഘന അടി ജലം മാത്രമാണ് തുറന്നുവിടുന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ പെരിയാർ വനമേഖലയില്‍ 37 മില്ലിമീറ്ററും തേക്കടിയില്‍ 24.6 മില്ലിമീറ്റർ മഴയുമാണ് ഇന്നലെ രേഖപ്പെടുത്തിയത്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നുതുടങ്ങിയതോടെ തേനി ജില്ലയിലെ 17707 ഏക്കർ സ്ഥലത്ത് ഒന്നാം ഘട്ട നെല്‍കൃഷിക്ക് ഒരുക്കം തുടങ്ങി. മഴ വൈകിയതോടെ ഈ പ്രദേശത്തെ നെല്‍കൃഷി പ്രതിസന്ധിയിലായിരുന്നു.

ഇതിനിടെ, പെരിയാർ വനമേഖലയില്‍നിന്ന് തമിഴ്നാട്ടിലെ തേനി ജില്ലയില്‍ കമ്പത്തിനു സമീപമുള്ള ചുരുളിയിലേക്ക് വലിയ തോതില്‍ വെള്ളം എത്തിത്തുടങ്ങി. വനമേഖലയില്‍നിന്ന് ഒഴുകിയെത്തുന്ന ജലത്തില്‍ കുളിക്കുന്നതിനായി തമിഴ്നാടിന്റെ പല ഭാഗത്തുനിന്നും കേരളത്തില്‍നിന്നും വിനോദസഞ്ചാരികള്‍ എത്താറുണ്ട്. ജലം അധികമായി എത്തിയതോടെ അപകട സാധ്യത കണക്കിലെടുത്ത് ചുരുളി വെള്ളച്ചാട്ടത്തില്‍ സഞ്ചാരികളും നാട്ടുകാരും പ്രവേശിക്കുന്നത് തമിഴ്നാട് വനം വകുപ്പ് വിലക്കിയിട്ടുണ്ട്.

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുതിച്ചു

മൂലമറ്റം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ ഗണ്യമായ വർധന രേഖപ്പെടുത്തി. രണ്ടു ദിവസത്തിനിടെ അണക്കെട്ടിലെ ജലനിരപ്പ് ഏകദേശം ഒമ്പത് അടി ഉയർന്നു. ഞായറാഴ്ച വൈകുന്നേരത്തെ കണക്കുകള്‍ പ്രകാരം ജലനിരപ്പ് 2340.80 അടിയായി. ഇത് അണക്കെട്ടിന്റെ പൂർണ സംഭരണശേഷിയുടെ 38.12 ശതമാനമാണ്. വെള്ളിയാഴ്ച ജലനിരപ്പ് 2331.64 അടി മാത്രമായിരുന്നു. അന്ന് സംഭരണശേഷിയുടെ ഏകദേശം 31 ശതമാനം വെള്ളമാണ് ഉണ്ടായിരുന്നത്.

മൂന്നു ദിവസങ്ങളിലായി ജില്ലയില്‍ ലഭിച്ച കനത്ത മഴയാണ് ജലനിരപ്പ് ഉയരാൻ പ്രധാന കാരണം. വെള്ളിയാഴ്ച 154.4 മില്ലിമീറ്റർ, ശനിയാഴ്ച 57.4 മില്ലിമീറ്റർ, ഞായറാഴ്ച 80.6 മില്ലിമീറ്റർ എന്നിങ്ങനെ മഴ രേഖപ്പെടുത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News