ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ളയുടെ പാകിസ്താന്‍ പ്രസ്താവനയില്‍ വിവാദം.
കശ്മീരിലെ ജനങ്ങളെ സംരക്ഷിക്കുന്നത് പാകിസ്ഥാനാണെന്ന പരാമര്‍ശത്തിലാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപിയും വിഎച്ച്‌പിയും രംഗത്തെത്തി.
കശ്മീരിലെ ബാരാമുള്ളയില്‍ പാര്‍ട്ടി പ്രവര്‍ത്തകസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് ഫാറൂഖ് അബ്ദുള്ള വിവാദ പരാമര്‍ശം നടത്തിയത്. ''നമ്മുടെ അയല്‍ക്കാരായ(പാകിസ്ഥാന്‍) കശ്മീര്‍ പ്രശ്‌നം നിരന്തരം പിന്തുടരുന്നുണ്ട്. അദ്ദേഹം(പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്) കശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെന്ന് പറഞ്ഞ് എല്ലായിടത്തേക്കും പോകുന്നു. അദ്ദേഹം(പാക് പ്രധാനമന്ത്രി) നമ്മളെ സംരക്ഷിക്കുകയാണ്. അല്ലെങ്കില്‍ അവരുടെ(കേന്ദ്രസര്‍ക്കാര്‍) ഉദ്ദേശ്യം അത്ര നല്ലതല്ല'' എന്നായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ വാക്കുകള്‍. കേന്ദ്രസര്‍ക്കാരില്‍നിന്ന് ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് നീതി ലഭിക്കുമോയെന്നും അദ്ദേഹം പ്രസംഗത്തില്‍ ചോദിച്ചിരുന്നു. ''ഡല്‍ഹിയില്‍നിന്ന് നിങ്ങള്‍ക്ക് എന്ത് പ്രതീക്ഷിക്കാനാകും. അവരില്‍നിന്ന് നീതി ലഭിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. അതുകൊണ്ട് പോരാടാനുള്ള ധൈര്യം വേണം. അല്ലെങ്കില്‍ നിങ്ങളെല്ലാം തുടച്ചുനീക്കപ്പെടും''- ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
അതേസമയം, ഫാറൂഖ് അബ്ദുള്ളയുടെ പ്രസംഗത്തിനെതിരേ ബിജെപിയും വിഎച്ച്‌പിയും ശക്തമായി രംഗത്തെത്തി. ഫാറൂഖ് അബ്ദുള്ള പരസ്യമായി മാപ്പ് പറയണമെന്നും ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ അദ്ദേഹം പാകിസ്ഥാനിലേക്ക് പോകണമെന്നും ബിജെപി ജമ്മു കശ്മീര്‍ അധ്യക്ഷന്‍ സാത് ശര്‍മ പ്രതികരിച്ചു. ഫാറൂഖ് അബ്ദുള്ളയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായ രവീന്ദര്‍ റെയ്‌നയും പറഞ്ഞു. ഫാറൂഖ് അബ്ദുള്ളയുടെ പ്രസംഗം രാജ്യദ്രോഹമാണെന്നും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജമ്മു കശ്മീരിലെ ജനങ്ങളെ കൊന്നൊടുക്കിയവരാണ് പാകിസ്ഥാന്‍. കശ്മീരിനെ ഒരു ശ്മശാനഭൂമിയാക്കി മാറ്റാനാണ് പാകിസ്ഥാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

