Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളത്തില്‍ ഡിജിറ്റല്‍ റീസര്‍വേ ഇഴയുന്നു ; മൂന്ന് വര്‍ഷമാകുമ്പോഴും പൂര്‍ത്തിയായത് 15 ശതമാനം വില്ലേജുകളില്‍ മാത്രം

കേരളത്തില്‍ ഡിജിറ്റല്‍ റീസര്‍വേ ഇഴയുന്നു ; മൂന്ന് വര്‍ഷമാകുമ്പോഴും പൂര്‍ത്തിയായത് 15 ശതമാനം വില്ലേജുകളില്‍ മാത്രം

Kerala OnlineNews 2 weeks ago

തിരുവനന്തപുരം: കേരളത്തില്‍ ഭൂമി ഇടപാടുകള്‍ കൂടുതല്‍ സുതാര്യവും വേഗത്തിലുമാക്കാൻ വലിയ അവകാശവാദങ്ങളോടെ സർക്കാർ തുടങ്ങിയ ഡിജിറ്റല്‍ റീസർവേ പദ്ധതി വലിച പ്രതിസന്ധിയിലേക്ക്.

2022 നവംബർ 1ന് ഔദ്യോഗികമായി ആരംഭിച്ച പദ്ധതി മൂന്ന് വർഷമെത്തുമ്പോഴും ലക്ഷ്യത്തിന്റെ അയലത്തുപോലും എത്താനായിട്ടില്ല. സംസ്ഥാനത്തെ ആകെയുള്ള 1,666 വില്ലേജുകളില്‍ വെറും 249 വില്ലേജുകളില്‍ മാത്രമാണ് ഇതുവരെ സർവേ നടപടികള്‍ പൂർണ്ണമാക്കി റവന്യൂ വകുപ്പിന് കൈമാറാൻ കഴിഞ്ഞത്. ഇത് സംസ്ഥാനത്തെ ആകെ വില്ലേജുകളുടെ 15 ശതമാനം മാത്രമാണ്.

പദ്ധതിയുടെ ഭാഗമായി ഇതുവരെ 639 വില്ലേജുകളിലാണ് (38.4%) ഡിജിറ്റല്‍ റീസർവേ നടപടികള്‍ ആരംഭിച്ചത്. ഇതില്‍ സർവേ അതിരടയാള നിയമം വകുപ്പ് 9(2) പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത് 381 വില്ലേജുകളില്‍ മാത്രമാണ്. അതായത് പദ്ധതി ആരംഭിച്ച വില്ലേജുകളുടെ 59.6 ശതമാനത്തിലും ആകെ വില്ലേജുകളുടെ 22.9 ശതമാനത്തിലും മാത്രമാണ് ഈ ഘട്ടം വരെ എത്താനായത്. പൂർണ്ണമായി സർവേ പൂർത്തിയാക്കി വകുപ്പ് 13(2) പ്രകാരം അന്തിമ വിജ്ഞാപനം വന്ന 249 വില്ലേജുകളാവട്ടെ, സർവേ ആരംഭിച്ച ആകെ വില്ലേജുകളുടെ 39 ശതമാനം മാത്രമാണ്.

മന്ദഗതിയിലുള്ള പ്രവർത്തനങ്ങള്‍ക്ക് പുറമെ സാങ്കേതിക തടസ്സങ്ങളും ആധാരം രജിസ്ട്രേഷൻ രംഗത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ സർവേ പൂർത്തിയായ വില്ലേജുകളില്‍ പ്രീ-മ്യൂട്ടേഷൻ സ്കെച്ച്‌ അടിസ്ഥാനമാക്കി ഭൂമി രജിസ്‌ട്രേഷൻ നടത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും സോഫ്റ്റ്‌വെയറിലെ ഗുരുതരമായ ന്യൂനതകള്‍ മൂലം രജിസ്‌ട്രേഷൻ നടപടികള്‍ അടിക്കടി തടസ്സപ്പെടുകയാണ്. ഇതിനുപുറമെ, പുതിയ സംവിധാനങ്ങളെക്കുറിച്ച്‌ ആധാരം എഴുത്ത് മേഖലയില്‍ പ്രവർത്തിക്കുന്നവർക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിന് മുൻപ് തന്നെ മാറ്റങ്ങള്‍ നടപ്പിലാക്കാൻ ശ്രമിച്ചത് പൊതുജനങ്ങളെയും ഉദ്യോഗസ്ഥരെയും ഒരുപോലെ ദുരിതത്തിലാക്കുന്നുണ്ട്.

അതിനിടെ, പദ്ധതിയെ പൂർണ്ണമായും സ്തംഭനത്തിലേക്ക് നയിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും ഉടലെടുത്തിട്ടുണ്ട്. സർവേ ജോലികളില്‍ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്ക് ലഭിക്കേണ്ട പ്രതിഫല കുടിശ്ശിക നല്‍കാൻ വൈകുന്നതില്‍ഷേധിച്ച്‌, ഈ മേഖലയില്‍ പ്രവർത്തിക്കുന്നവർ സർവേ നടപടികള്‍ നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സോഫ്റ്റ്‌വെയർ തകരാറുകളും ഉദ്യോഗസ്ഥരുടെ പ്രതിഷേധവും സാമ്പത്തിക കുടിശ്ശികയും ഒരുപോലെ അലട്ടുന്നതോടെ, കൃത്യസമയത്ത് ഡിജിറ്റല്‍ റീസർവേ പൂർത്തിയാക്കാമെന്ന സർക്കാരിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News