കേരളത്തില്‍ മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും ജാഗ്രത തുടരുന്നതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 26 പേർ മരണപ്പെടുകയും നാല് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
വിവിധ ജില്ലകളിലായി തുറന്ന 418 ദുരിതാശ്വാസ ക്യാമ്പുകളില്‍ 18,434 പേരെയാണ് നിലവില്‍ പാർപ്പിച്ചിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയും അതിശക്തമായ മഴയും തുടരുന്ന പശ്ചാത്തലത്തില്‍ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഒൻപത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ 115.6 മിമി മുതല്‍ 204.4 മിമി വരെ മഴ ലഭിച്ചേക്കാവുന്ന രീതിയില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇതിനിടയില്‍ സംസ്ഥാനത്തെ തീരദേശങ്ങളില്‍ 'കള്ളക്കടല്‍' പ്രതിഭാസത്തിനും ഉയർന്ന തിരമാലകള്‍ വരുമെന്നുള്ള മുന്നറിയിപ്പും പുറത്തു വന്നിട്ടുണ്ട്.
ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് രാവിലെ 5.30 മുതല്‍ നാളെ (വ്യാഴം) രാത്രി 11.30 വരെ 1.1 മുതല്‍ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കൂടാതെ വ്യാഴാഴ്ച ഉച്ചയ്ക്ക് 02.30 വരെ കന്യാകുമാരി തീരത്ത് 1.2 മുതല്‍ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിനും സാധ്യത കല്‍പ്പിക്കുന്നു.
കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് പൂർണ്ണമായി ഒഴിവാക്കണമെന്നും മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം സംസ്ഥാനത്ത് തുടരുന്നതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നു.

