തിരുവനനന്തപുരം : വെറും രണ്ട് വർഷം കൊണ്ട് കേരള ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റിയെഴുതുകയാണ് കേരള ക്രിക്കറ്റ് ലീഗ്.
സംസ്ഥാനത്ത് പ്രാദേശികതലത്തില്‍ മാത്രം ഒതുങ്ങിപ്പോകുമായിരുന്ന ഒട്ടേറെ താരങ്ങളെ ഐ.പി.എല്ലിലേക്കും ദേശീയ ശ്രദ്ധയിലേക്കും എത്തിക്കുന്നതില്‍ നിർണ്ണായക പങ്കുവഹിക്കാൻ കേരള ക്രിക്കറ്റ് ലീഗിന് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലേക്ക് കഴിവുറ്റ താരങ്ങളെ സംഭാവന ചെയ്യുന്ന പ്രധാന വേദിയായി കെ.സി.എല്‍ അതിവേഗം വളരുകയാണ്.
സംസ്ഥാനത്തെ യുവപ്രതിഭകള്‍ക്ക് മികവ് തെളിയിക്കാനും ദേശീയ ശ്രദ്ധ നേടാനുമുള്ള വലിയൊരു വേദിയാണ് കെ.സി.എല്ലിലൂടെ ഒരുങ്ങിയിരിക്കുന്നത്. ആദ്യ സീസണില്‍ തന്നെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ ഐ.പി.എല്ലിലെത്തിയ വിഘ്നേഷ് പുത്തൂർ തന്നെ ഇതിന് മികച്ചൊരു ഉദാഹരണമാണ്. ഇടംകയ്യൻ ലെഗ്സ്പിന്നറായ വിഘ്നേഷിന്റെ മികവ് തിരിച്ചറിഞ്ഞ മുംബൈ ഇന്ത്യൻസിന്റെ സ്കൗട്ടിങ് സംഘം താരത്തെ നെറ്റ് ബൗളറായി തെരഞ്ഞെടുക്കുകയായിരുന്നു. പരിശീലന സെഷനുകളിലെ മികച്ച പ്രകടനം പിന്നീട് വിഘ്നേഷിനെ മുംബൈയുടെ ഐ.പി.എല്‍ ടീമിലുമെത്തിച്ചു. ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള മത്സരത്തില്‍ മൂന്ന് വിക്കറ്റുകളുമായി വിഘ്നേഷ് മികവ് തെളിയിക്കുകയും ചെയ്തു.
കെ.സി.എല്‍ പോലൊരു ലീഗ് ഇല്ലായിരുന്നെങ്കില്‍ പ്രാദേശിക തലത്തില്‍ ഒതുങ്ങിപ്പോകുമായിരുന്ന കരിയറായിരുന്നു വിഘ്നേഷിന്റേത്. എന്നാല്‍ തങ്ങളുടെ പ്രതിഭ തെളിയിക്കാൻ വേദിയും അവസരവും ഒരുങ്ങിയതോടെ വിഘ്നേഷിനെപ്പോലുള്ള താരങ്ങളുടെ കരിയറില്‍ നിർണ്ണായക സ്വാധീനമാവുകയാണ് കെ.സി.എല്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിലൂടെ ഐ.പി.എല്ലിലേക്ക് വാതില്‍ തുറന്ന താരങ്ങള്‍ ഏറെയുണ്ടെങ്കിലും, സംസ്ഥാന ടീമിലെത്താൻ കഴിയാതെ പോകുന്ന കഴിവുറ്റ കളിക്കാർക്ക് കെ.സി.എല്‍ പോലുള്ള ലീഗുകള്‍ വലിയ അവസരങ്ങളാണ് തുറന്നു വയ്ക്കുന്നത്.
ക്ലബ്ബ്, ജില്ലാ തലത്തില്‍ തിളങ്ങി കെ.സി.എല്ലിലെത്തുന്ന താരങ്ങള്‍ക്ക് ടാലന്റ് സ്കൗട്ടുകള്‍ക്ക് മുന്നില്‍ മികവ് തെളിയിക്കാനായാല്‍, അവിടെ തെളിയുന്നത് ഐ.പി.എല്ലിലേക്കുള്ള നേരിട്ടുള്ള വഴി കൂടിയാണ്. കൂടുതല്‍ റണ്‍സും വിക്കറ്റും നേടുന്നവർക്ക് പുറമെ ട്വന്റി-20 ക്രിക്കറ്റിന് അനുയോജ്യമായ പവർ ഹിറ്റിംഗ്, മിസ്റ്ററി സ്പിൻ, ഡെത്ത് ഓവർ ബൗളിംഗ് എന്നിവയില്‍ പ്രത്യേക കഴിവുള്ളവരെ കണ്ടെത്താനും സ്കൗട്ടുകള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ചുരുക്കത്തില്‍, നാടൻ മൈതാനങ്ങളിലെ കഴിവുകളെ വൻ വേദികളിലേക്ക് എത്തിക്കുന്ന പാലമായി കെ.സി.എല്‍ മാറിക്കഴിഞ്ഞു.
കഴിഞ്ഞ സീസണുകളില്‍ മുംബൈ ഇന്ത്യൻസ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, രാജസ്ഥാൻ റോയല്‍സ് തുടങ്ങിയ ഐ.പി.എല്‍ വമ്പന്മാരുടെ ടാലന്റ് സ്കൗട്ടുകള്‍ കെ.സി.എല്‍ മത്സരങ്ങള്‍ നേരിട്ടു കാണാൻ എത്തിയിരുന്നു. മുംബൈയ്ക്കായി കിരണ്‍ മോറെയും ആദിത്യ താരെയും എത്തിയപ്പോള്‍, ബെംഗളൂരുവിനായി ഗണേഷ് സതീഷ്, സുമന്ത് കൊല്ല, അശ്വിൻ വെങ്കട്ടരാമൻ എന്നിവരും രാജസ്ഥാനായി മല്‍കേഷ് ഗാന്ധിയുമാണ് സ്കൗട്ടിംഗിനായെത്തിയത്.
ഇവർ നല്‍കിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ ഏദൻ ആപ്പിള്‍ ടോം, ശ്രീഹരി നായർ, പവൻ രാജ്, ബേസില്‍ എൻ. പി, സല്‍മാൻ നിസാർ, ആദിത്യ ബൈജു, മുഹമ്മദ് ഇനാൻ, അബ്ദുള്‍ ബാസിത്ത് തുടങ്ങിയ പത്തോളം മലയാളി താരങ്ങള്‍ക്ക് വിവിധ ഐ.പി.എല്‍ ടീമുകളുടെ ട്രയല്‍സിലേക്ക് വിളിയെത്തി. കൂടാതെ പ്രമുഖ ഐ.പി.എല്‍ ടീമുകള്‍ക്കൊപ്പം സഞ്ചരിക്കാനും നെറ്റ്‌സില്‍ പന്തെറിയാനുമുള്ള അവസരവും പല താരങ്ങള്‍ക്കും ലഭിച്ചു. ഏദൻ ആപ്പിള്‍ ടോം ഗുജറാത്ത് ടൈറ്റൻസിനു വേണ്ടിയും, ശ്രീഹരി നായർ ലഖ്നൗ സൂപ്പർ ജയന്റ്സിനു വേണ്ടിയും, പവൻ രാജ് ചെന്നൈ സൂപ്പർ കിംഗ്സിനു വേണ്ടിയും നെറ്റ് ബൗളർമാരായി സേവനമനുഷ്ഠിച്ചു. ലോകോത്തര താരങ്ങള്‍ക്കെതിരെ പന്തെറിയാനും പ്രമുഖ പരിശീലകരില്‍ നിന്ന് ഉപദേശങ്ങള്‍ നേടാനും കഴിഞ്ഞത് ഇവരുടെ കളിമികവും ഗെയിം പ്ലാനുകളും മെച്ചപ്പെടുത്താൻ ഏറെ സഹായിച്ചിട്ടുണ്ട്. ഇത് രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര മത്സരങ്ങളില്‍ ഇവർക്ക് വലിയ കരുത്താകും.
വരും വർഷങ്ങളില്‍ കെ.സി.എല്‍ കൂടുതല്‍ കരുത്താർജ്ജിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കൂടുതല്‍ സ്കൗട്ടുകളും ഫ്രാഞ്ചൈസികളും ഇനിയുള്ള സീസണുകളില്‍ കെ.സി.എല്‍ മത്സരങ്ങള്‍ വീക്ഷിക്കാൻ എത്തും. ഇതിലൂടെ പുതിയ തലമുറയിലെ ക്രിക്കറ്റർമാരുടെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കുന്നതിനൊപ്പം സംസ്ഥാനത്തിൻ്റെ കായിക കുതിപ്പിന് കൂടി ഊർജ്ജമേകുകയാണ് കെസിഎല്‍

