കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥി ബിലാലിന്റെ മൃതദേഹം കണ്ടെത്തി. കൊതുമുക്ക് പാലത്തിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. രണ്ട് ദിവസം കുട്ടിക്കായി വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. തിങ്കളാഴ്ച നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പടനായർകുളങ്ങര തെക്ക് സ്വദേശി അറയ്ക്കല്‍ വീട്ടില്‍ നൗഷാദ്-ഷെമീമ ദമ്പതികളുടെ മകനാണ് പന്ത്രണ്ട് വയസുകാരനായ ബിലാല്‍. ശനിയാഴ്ച വൈകീട്ട് മുതലായിരുന്നു വിദ്യാർത്ഥിയെ കാണാതായത്. ഫുട്‌ബോള്‍ കളിക്കുന്നതിനായി വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു ബിലാല്‍. വൈകിയും കുട്ടി വീട്ടില്‍ തിരികെ എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലില്‍ കന്നേറ്റി കായലിലെ വള്ളംകളി പവലിയന് സമീപത്തുനിന്നും സൈക്കിളും ചെരിപ്പും കണ്ടെത്തി. തുടർന്ന് കുടുംബം പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് അറിയിച്ചതിനെ തുടർന്ന് കരുനാഗപ്പള്ളിയില്‍ നിന്ന് അഗ്നിശമന വിഭാഗം സ്ഥലത്തെത്തുകയും കന്നേലി കായലില്‍ തിരച്ചില്‍ നടത്തുകയും ചെയ്തു.

