ലണ്ടൻ: കോമണ്‍വെല്‍ത്ത് ഗെയിംസ് പോരാട്ടങ്ങള്‍ക്ക് കൊടിയിറങ്ങി. മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്.
13 സ്വർണവും 17 വെള്ളിയും 9 വെങ്കലവും ഉള്‍പ്പെടെ 39 മെഡലുകളാണ് ഇന്ത്യ നേടിയത്. 171 മെഡലുകളുമായി ഓസ്ട്രേലിയയാണ് ഒന്നാമത്. ഇംഗ്ലണ്ട് (110) കാനഡ (62) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. സമാപന ചടങ്ങില്‍ ബോക്സിങ് സ്വർണം നേടിയ ജയ്സ്മിൻ ലംബോറിയയാണ് ഇന്ത്യൻ പതാകയേന്തിയത്. അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ത്യയാണ് വേദിയാകുന്നത്. 2030ല്‍ ഗുജറാത്തിലെ അഹമ്മദാബാദിലാണ് അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസ് അരങ്ങേറുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നൂറാം വാർഷികത്തിലാണ് അഹമ്മദാബാദ് വേദിയാകുന്നത് എന്നതും ശ്രദ്ധേയമാണ്. ഗ്ലാസ്ഗോയിലെ സമാപചന ചടങ്ങില്‍ വച്ച് അടുത്ത ഗെയിംസിനായുള്ള ബാറ്റണും പതാകയും ഇന്ത്യയ്ക്ക് കൈമാറി.
സാമ്പത്തിക പരിമിതികളെ തുടർന്നു ഇത്തവണ മത്സര ഇനങ്ങള്‍ വെട്ടിച്ചുരുക്കിയാണ് ഗെയിംസ് അരങ്ങേറിയത്. 10 ഇനങ്ങളില്‍ മാത്രമാണ് പോരാട്ടങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ തവണ ബർമിങ്ഹാമില്‍ 19 മത്സര ഇനങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ഇന്ത്യയെ സംബന്ധിച്ച് സമീപ കാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ കണ്ടത്. ബോക്സിങ് റിങില്‍ ഇന്ത്യയുടെ സർവാധിപത്യവും ഇത്തവണ കണ്ടു. 10 താരങ്ങള്‍ ഫൈനല്‍ കളിച്ചപ്പോള്‍ അതില്‍ 7 സ്വർണവും 3 വെള്ളിയും ഇന്ത്യ വാരിക്കൂട്ടി. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തിലെ തന്നെ ഇന്ത്യയുടെ ഏറ്റവും മികച്ച ബോക്സിങ് പ്രകടനമാണ് ഗ്ലാസ്‌ഇഗോയില്‍ കണ്ടത്.
ബോക്സിങിനൊപ്പം ജൂഡോയിലും ഇതാദ്യമായി ഇന്ത്യൻ താരങ്ങള്‍ വെട്ടിത്തിളങ്ങി. ഈയിനത്തില്‍ ഇന്ത്യക്ക് 2 സ്വർണം, ഓരോ വെള്ളി, വെങ്കലം മെഡലുകളുണ്ട്. അത്‍ലറ്റിക്സിലും പാരാ അത്‌ലറ്റിക്സിലുമായി ഇന്ത്യ 16 മെഡലുകളും വാരി. 5000, 10000 മീറ്ററുകളില്‍ വെള്ളി, വെങ്കലം മെഡലുകള്‍ നേടി ഗുല്‍വീർ സിങ് ഒരു കോമണ്‍വെല്‍ത്ത് ഗെയിംസ് പതിപ്പില്‍ അത്‍ലറ്റിക്സില്‍ ഇരട്ട മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ താരമായി. ഡെക്കാത്‍ലണില്‍ വെങ്കലം നേടി തേജസ്വിൻ ശങ്കർ ഈയിനത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ താരമായും മാറി.

