ന്യൂഡല്‍ഹി: വിവാഹത്തിന് തുല്യമായ രീതിയില്‍ ലിവ് ഇൻ ബന്ധങ്ങളില്‍ കഴിയുന്ന സ്ത്രീകളെ ഇന്ത്യൻ ശിക്ഷാനിയമം പ്രകാരം 498A വകുപ്പിന്റെ സംരഷണ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നത് വിവേചനപരമാണെന്ന് സുപ്രീം കോടതി.
നിയമപരമായി വിവാഹം കഴിച്ച ഒരു സ്ത്രീക്ക് പീഡനങ്ങള്‍ക്കെതിരെ ലഭിക്കുന്ന അതേ സംരക്ഷണം സമാനമായ ലിവിങ് ഇൻ ബന്ധത്തില്‍ കഴിയുന്ന ഒരു സ്ത്രീക്ക് നിഷേധിക്കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
498A വകുപ്പ് പ്രകാരം അത്തരം ബന്ധങ്ങളിലുള്ള പങ്കാളിക്കെതിരെ ഗാർഹിക പീഡനത്തിന് കേസെടുക്കാമെന്ന് ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് നോങ്മൈകാപം കോടീശ്വർ സിങ് എന്നിവരുള്‍പ്പെട്ട ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി. എന്നാല്‍ വിവാഹം കഴിക്കാനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയുള്ള ലിവ് ഇൻ ബന്ധങ്ങള്‍ക്ക് മാത്രമാണ് ഈ വിധി ബാധകമെന്നും കോടതി കൂട്ടിച്ചേർത്തു.
ഭർത്താവില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ഉള്ള മാനസികമോ ശാരീരികമോ ആയ പീഡനങ്ങള്‍ മൂലം സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നതടക്കമുള്ള സംഭവങ്ങള്‍ തടയുക എന്നതാണ് 498എ വകുപ്പിന്റെ ലക്ഷ്യമെന്ന് ബെഞ്ച് ചൂണ്ടിക്കാണിച്ചു. വിവാഹിതരായവർക്ക് മാത്രമേ ഇത്തരം പീഡനങ്ങള്‍ നേരിടേണ്ടി വരുന്നുള്ളൂ എന്ന് കരുതുന്നത് തെറ്റായ സമീപനമാണെന്നും കോടതി വിലയിരുത്തി.
കർണാടക ഹൈകോടതിയുടെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ നിർണ്ണായക നിരീക്ഷണങ്ങള്‍ നടത്തിയത്. 498എ വകുപ്പ് ലിവ് ഇൻ ബന്ധങ്ങള്‍ക്ക് ബാധകമല്ലെന്നാരോപിച്ച് തനിക്കെതിരെയുള്ള നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി കർണാടക ഹൈകോടതി തള്ളിയിരുന്നു. ഇതിനെതിരെ ഭർത്താവ് നല്‍കിയ അപ്പീലാണ് സുപ്രീം കോടതി പരിഗണിച്ചത്. ലിവ് ഇൻ ബന്ധങ്ങളിലെ 'ഭർത്താവ്' എന്ന വാക്കിന് വിശാലമായ അർത്ഥം നല്‍കിക്കൊണ്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
വ്യക്തികള്‍ക്ക് തങ്ങളുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള മൗലികാവകാശം ഭരണഘടന വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് കോടതി ഓർമിപ്പിച്ചു. ഈ സാഹചര്യത്തില്‍, ബന്ധങ്ങളുടെ സ്വഭാവത്തിന്റെ പേരില്‍ മാത്രം സ്ത്രീകള്‍ക്ക് നിയമപരമായ സംരക്ഷണം നിഷേധിക്കാൻ കഴിയില്ല. പങ്കാളിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ക്രൂരത നേരിടേണ്ടി വരുന്ന ഒരു സ്ത്രീക്ക് ഔദ്യോഗികമായ വിവാഹ സർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താല്‍ മാത്രം സംരക്ഷണം നഷ്ടപ്പെടുന്നത് എങ്ങനെയെന്ന് കോടതി ചോദ്യം ചെയ്തു.
അതേസമയം വിവാഹം കഴിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ളതും പരസ്പര സമ്മതത്തോടെയുള്ളതുമായ പ്രായപൂർത്തിയായവരുടെ ലിവ് ഇൻ ബന്ധങ്ങള്‍ക്ക് മാത്രമേ 498എ വകുപ്പ് ബാധകമാകൂ. ഈ നിയമവ്യാഖ്യാനം 498എ വകുപ്പിന് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടാതെ, കേസിലെ മുൻ ഉത്തരവുകള്‍ അനുസരിച്ച് ഇത്തരം ബന്ധങ്ങളിലെ ആരോപണങ്ങളില്‍ കൃത്യമായ പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ അറസ്റ്റ് പോലുള്ള നടപടികള്‍ പാടുള്ളൂ എന്നും സുപ്രീം കോടതി നിർദേശിച്ചു.

