തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി പദം സംബന്ധിച്ച ചർച്ചകളില്‍ വീണ്ടും നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് കെ.
മുരളീധരൻ. മാധ്യമങ്ങള്‍ എത്ര കുത്തിച്ചോദിച്ചാലും വോട്ടെണ്ണല്‍ ദിനമായ നാലാം തീയതി കഴിയാതെ ഇക്കാര്യത്തില്‍ ഒരു അഭിപ്രായവും പറയില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മുരളീധരൻ.
വട്ടിയൂർകാവിലൊക്കെ ബലാബലമെന്നാണ് സർവേയില്‍ പറയുന്നത്. അതിനാല്‍ ഫലം വരുന്നത് വരെ കാത്തിരിക്കാം. പാർട്ടി വിജയിക്കുകയാണങ്കില്‍ എല്ലാവർക്കും അതിന്റേതായ ഉത്തരവാദിത്വം ഉണ്ട്. അതുകൊണ്ട് വരാൻപോകുന്നത് ടീം യു.ഡി.എഫിന്റെ വിജയമായിരിക്കും.
മുഖ്യമന്ത്രിയാകാൻ ഏറ്റവും കൂടുതല്‍ പിന്തുണയുള്ളത് പിണറായി വിജയനാണെന്നുള്ള സർവ്വേ റിപ്പോർട്ടിനെയും അദ്ദേഹം പരിഹസിച്ചു. ഇത് ഒരു വിരോധാഭാസമാണെന്നും അങ്ങനെ ഒരു മുൻതൂക്കം ഉണ്ടെങ്കില്‍ ആ പാർട്ടി ജയിക്കണ്ടേ. പാർട്ടി തോല്‍ക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് മുൻതൂക്കം എന്ന് പറയുന്നതില്‍ വലിയ അർഥമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി കണക്ക് കൂട്ടലുകള്‍ക്ക് അടുത്തുതന്നെയാണ് കഴിഞ്ഞ ദിവസം വന്ന എക്സിറ്റ് പോളുകള്‍. നാലാം തീയതിയുള്ള റിസള്‍ട്ടിനെ കുറിച്ച് ഞങ്ങള്‍ക്ക് ശുഭപ്രതീക്ഷയാണ്. അതിനുശേഷമുള്ള കാര്യങ്ങള്‍ക്ക് നടപടിക്രമങ്ങള്‍ ഉണ്ട്. അതിനാല്‍ മറ്റ് ചർച്ചകള്‍ ഇപ്പോള്‍ ആവശ്യമില്ല. ലീഗടക്കമുള്ള ഘടക കക്ഷികള്‍ക്ക് വി.ഡി സതീശനോടാണ് താല്‍പര്യമെന്ന് കതുതുന്നില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ അദ്ദേഹം പറഞ്ഞു.
പാർട്ടി ഒരു നേതാവിനെ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ സ്വാഭാവികമായിട്ടും മറ്റു ഘടകക്ഷികളെ വിവരം അറിയിക്കും. അവരുടെ കൂടെ അനുവാദം വാങ്ങിയിട്ടായിരിക്കും ആളെ പ്രഖ്യാപിക്കുക. മുഖ്യമന്ത്രി വിഷയത്തില്‍ ഒരു ഘടക കക്ഷികളും ഇതുവരെ രഹസ്യമായിട്ടും പരസ്യമായിട്ടും ഒരുഅഭിപ്രായവും പറഞ്ഞിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

