മഹാരാഷ്ട്രയിലെ ഖോപോളിയിലെ മലയാളി വയോധികയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. നേപ്പാള്‍ സ്വദേശി യഷ് താപ്പേയെ കസ്റ്റഡിയിലെടുത്തത് ഗോവയില്‍ നിന്നുമാണ്.
മോഷണത്തിനിടെയാണ് പ്രതി വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതി ലഹരിക്ക് അടിമയാണെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് 71കാരി മഹേശ്വരിയെ ഖോപോളിയിലെ ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിനിയാണ് മഹേശ്വരി. ഫോണില്‍ വിളിച്ച് കിട്ടാതിരുന്നതോടെയാണ് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ച് ഫ്‌ലാറ്റില്‍ എത്തിയത്. ഫ്‌ലാറ്റ് പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണം നേപ്പാള്‍ സ്വദേശി യഷ് താപ്പേയില്‍ എത്തി. മഹേശ്വരി താമസിച്ചിരുന്ന ഫ്‌ലാറ്റിന് സമീപമാണ് പ്രതിയും കുടുംബവും താമസിച്ചിരുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് കവര്‍ച്ച നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

