കൊച്ചി: കോട്ടയം മണർകാട് സെന്റ് മേരീസ് പള്ളിയില്‍ അന്ത്യോഖ്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവ കുർബാന അർപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹർജി.
മണർകാട് പള്ളിയിലോ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കീഴിലുള്ള മറ്റ് പള്ളികളിലോ പാത്രിയർക്കീസ് ബാവ കുർബാന അർപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് സഭാ വിശ്വാസിയായ വി.വി. മാത്യൂസാണ് കോടതിയെ സമീപിച്ചത്. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
1934-ലെ മലങ്കര സഭാ ഭരണഘടന അനുസരിക്കുന്നവർക്ക് മാത്രമേ സഭയുടെ പള്ളികളില്‍ കുർബാന അർപ്പിക്കാൻ അവകാശമുള്ളൂ എന്നാണ് സുപ്രീം കോടതി വിധി. ഇത് നിലനില്‍ക്കെ പാത്രിയർക്കീസ് ബാവ പള്ളികളില്‍ കുർബാന അർപ്പിക്കുന്നത് കോടതി വിധിയുടെ ലംഘനമാണെന്നാണ് ഹർജിക്കാരന്റെ വാദം. കോടതി വിധി ലംഘിച്ച് കുർബാന നടത്തുന്നത് പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്നും അതിനാല്‍ ഇതിന് അനുമതി നല്‍കരുതെന്നും ഹർജിയില്‍ പറയുന്നു.
ഇതിനുപുറമെ, വിദേശ പൗരനായ പാത്രിയർക്കീസ് ബാവ 'എക്സ്-മിസലേനിയസ്' (X-Miscellaneous) വിസയിലാണ് കേരളത്തിലെത്തിയിരിക്കുന്നതെന്നും ഇത്തരം സന്ദർശനങ്ങളില്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനോ നേതൃത്വം നല്‍കാനോ കഴിയില്ലെന്നും ഹർജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് വിസാ ചട്ടങ്ങളുടെ ലംഘനമാണെന്നും കാണിച്ച് നല്‍കിയ ഹർജി കോടതി ഇന്ന് പരിഗണിക്കും.

