Dailyhunt
മിറാക്കിള്‍ ഫ്രൂട്ട് ; പേരു പോലെ തന്നെ അത്ഭുത പഴം !

മിറാക്കിള്‍ ഫ്രൂട്ട് ; പേരു പോലെ തന്നെ അത്ഭുത പഴം !

Kerala OnlineNews 3 weeks ago

നിരവധി ഗുണങ്ങളുള്ള മിറാക്കിള്‍ ഫ്രൂട്ടിനെക്കുറിച്ച്‌ കേട്ടിട്ടുണ്ടോ? അത്ഭുത ഗുണങ്ങള്‍ ഉള്ളത് കൊണ്ട് തന്നെയാണ് ഈ പഴത്തിന് മിറാക്കിള്‍ ഫ്രൂട്ട് എന്ന പേര് ലഭിച്ചതും.

തിളക്കമുള്ള ചുവപ്പ് നിറമുള്ള ഒരു ബെറിയാണ് ഇത്. മദ്ധ്യ-പടിഞ്ഞാറൻ ആഫ്രിക്കയാണ് മിറാക്കിള്‍ ഫ്രൂട്ടിന്റെ ജന്മ ദേശം.
ഈ പഴം കഴിച്ചാല്‍ പിന്നീട് കഴിക്കുന്ന പുളിയുള്ള ഭക്ഷണസാധനത്തെ മിനിറ്റുകള്‍ക്കകം മധുരമുള്ളതാക്കി മാറ്റാനുള്ള പ്രത്യേക കഴിവ് ഈ പഴത്തിനുണ്ട്; അതിനാലാണ് ഇതിന് മിറക്കിള്‍ ഫ്രൂട്ടെന്ന പേര് വന്നത്.

ഇതിന്റെ പഴം കഴിച്ച്‌ ഏകദേശം ഒരു മണിക്കൂർ നേരത്തേക്ക് എന്ത് ഭക്ഷണം കഴിച്ചാലും പിന്നെ മധുരമായി തോന്നും. പടിഞ്ഞാറൻ ആഫ്രിക്കയില്‍ 18-ാം നൂറ്റാണ്ടു മുതല്‍ക്കേ ഇവ ഉപയോഗിച്ചിരുന്നതായിട്ടാണ് ചരിത്രം പറയുന്നത്. മിറാക്കിള്‍ ഫ്രൂട്ടില്‍ അടങ്ങിയിരിക്കുന്ന 'മിറാക്കുലിൻ' എന്ന പ്രോട്ടീൻ ഘടകമാണ് നാവിലെ രസമുകുളങ്ങളെ ഉണർത്തി പുളി, കയ്പ് രുചികള്‍ക്ക് പകരം താല്‍ക്കാലികമായി മധുരം തരുന്നത്. ഈ ഫ്രൂട്ടില്‍ വിറ്റാമിൻ സി, കെ, എ, ഇ എന്നിവയും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് വിവിധ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും.

പ്രമേഹരോഗികള്‍ക്ക് മിറക്കിള്‍ ബെറികള്‍ അനുഗ്രഹമാണ്. പ്രമേഹ രോഗികളില്‍ ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നതിനുള്ള കഴിവ് ഇതിനുണ്ട്, പ്രത്യേകിച്ച്‌ ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കുന്നത് തടയാൻ ഈ പഴത്തിന് കഴിയും. വൈറ്റമിൻ സിയുടെ സമ്പന്ന ഉറവിടമായ മിറക്കിള്‍ ഫ്രൂട്ട്‌, വൈറല്‍, ബാക്ടീരിയ അണുബാധകള്‍ക്കെതിരെ പോരാടുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന പോഷകമാണ്.

ഈ പഴംകൊണ്ട് ഏറ്റവുംകൂടുതല്‍ പ്രയോജനം ലഭിക്കുന്നത് കാൻസർ രോഗികള്‍ക്കാണ്. കീമോതെറപ്പിക്ക് ശേഷം വായിലെ അരുചി മാറ്റാനുള്ള കഴിവ് മിറാക്കിള്‍ ബെറിക്കുണ്ട്. കീമോതെറപ്പിമൂലം വിശപ്പില്ലായ്മ, ഭക്ഷണത്തോടുള്ള വെറുപ്പ് എന്നിവ അനുഭവപ്പെടും. ഈ പഴങ്ങള്‍ കഴിച്ചാല്‍ വായിലെ അരുചി മായ്‌ച്ച്‌ മധുരമാക്കി മാറ്റി രോഗികളെ സാധാരണപോലെ ഭക്ഷണം കഴിക്കാൻ സഹായിക്കും.

വേനല്‍ക്കാലമാണ് പഴക്കാലം. ഭാഗികമായ സൂര്യപ്രകാശത്തിലും ചെടി നന്നായി വളരും എന്നതിനാല്‍ ഇൻഡോർ പ്ലാന്റായി വേണമെങ്കിലും വളർത്താം. കാഴ്ചയിലും അതിമനോഹരമായ മിറക്കിള്‍ ഫ്രൂട്ട് പ്ലാൻറ് ഉദ്യാനച്ചെടിയാക്കാനും യോജിച്ചതാണ്. ഇതിന്റെ വെള്ള നിറത്തിലുള്ള പൂക്കള്‍ക്ക് നേരിയ സുഗന്ധവുമുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News