ന്യൂഡല്‍ഹി: മോട്ടോറോള തങ്ങളുടെ പുതിയ പ്രീമിയം ഫ്ലാഗ്ഷിപ്പ് സ്‌മാർട്ട്ഫോണ്‍ മോട്ടോറോള സിഗ്നേച്ചർ 27 സ്‌നാപ്ഡ്രാഗണ്‍ സമ്മിറ്റില്‍ ആദ്യമായി അവതരിപ്പിച്ചു.
പുതിയ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് എക്‌സ്ട്രീം ജെൻ 6 മൊബൈല്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ സ്‌മാർട്ട്ഫോണുകളില്‍ ഒന്നാണ് സിഗ്നേച്ചർ 27. ഗൂഗിള്‍ ജെമിനി അധിഷ്ഠിത എഐ സൗകര്യങ്ങള്‍, അടുത്ത തലമുറ 5ജി കണക്റ്റിവിറ്റി, പ്രൊഫഷണല്‍ നിലവാരത്തിലുള്ള ക്യാമറ സംവിധാനങ്ങള്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍. 50എംപി സോണി ലിറ്റിയ 910 പ്രധാന ക്യാമറയും 200എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ഫോണിലുണ്ട്.
വീഡിയോ ചിത്രീകരണത്തിനായി എഐ അധിഷ്ഠിത വീഡിയോ എൻഹാൻസ്മെന്റ് എഞ്ചിൻ, ക്വാള്‍കോം ഇലക്‌ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ, 3.5 ഒഐഎസ് എന്നിവയും ഫോണിലുണ്ട്. Bang & Olufsen-ൻ്റെ ഓഡിയോ സംവിധാനമുള്ള ആദ്യ സ്‌മാർട്ട്ഫോണാണിതെന്നും മോട്ടോറോള അറിയിച്ചു.
സെറാമിക്കും ഗ്ലാസും ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഫോണ്‍ പാന്റോണ്‍ ക്യാപുലെറ്റ് ഒലിവ്, പാന്റോണ്‍ കോള്‍ സ്‌മോക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാകും. ഏഴ് ഒഎസ് അപ്‌ഗ്രേഡുകളും ഏഴ് വർഷം വരെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. 2026ല്‍ ആഗോള വിപണിയില്‍ ഫോണ്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

