Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒമാൻ ഇൻവിറ്റേഷൻ ടൂര്‍ണ്ണമെന്റില്‍ മുംബൈയ്ക്കെതിരെ തകര്‍പ്പൻ വിജയവുമായി കേരളം

ഒമാൻ ഇൻവിറ്റേഷൻ ടൂര്‍ണ്ണമെന്റില്‍ മുംബൈയ്ക്കെതിരെ തകര്‍പ്പൻ വിജയവുമായി കേരളം

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിലെ ആവേശപ്പോരാട്ടത്തില്‍ കരുത്തരായ മുംബൈയെ തകർത്ത് കേരളം. മുംബൈ ഉയർത്തിയ 355 റണ്‍സെന്ന കൂറ്റൻ ലക്ഷ്യം അവസാന പന്തില്‍ മറികടന്നാണ് കേരളം അവിശ്വസനീയ വിജയം സ്വന്തമാക്കിയത്.

ഗോവിന്ദ് ദേവ് പൈയുടെ ഉജ്ജ്വല സെഞ്ച്വറിയും വാലറ്റത്ത് നിഖില്‍ മുരളീധരനും കാർത്തിക് ബി. നായരും കാഴ്ചവച്ച തകർപ്പൻ പോരാട്ടവുമാണ് കേരളത്തിന് ഒരു വിക്കറ്റിൻ്റെ അവിസ്മരണീയ വിജയമൊരുക്കിയത്.

മുംബൈ - 50 ഓവറില്‍ 354/6, കേരളം - 50 ഓവറില്‍ 358/9

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈയ്ക്ക് ഓപ്പണർ ഇഷാൻ മുള്‍ചന്ദാനിയുടെ തകർപ്പൻ സെഞ്ച്വറിയാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 15 റണ്‍സെടുത്ത അഭിഗ്യാൻ കുണ്ടുവിന്റെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും നൂതൻ ഗോയലിനും ആയുഷ് വർഥകിനുമൊപ്പം ഇഷാൻ പടുത്തുയർത്തിയ മികച്ച കൂട്ടുകെട്ടുകളാണ് മുംബൈയുടെ ഇന്നിങ്സില്‍ നിർണ്ണായകമായത്. നൂതൻ ഗോയല്‍ 36-ഉം ആയുഷ് വർഥക് 73-ഉം റണ്‍സെടുത്തു. ഇഷാൻ 124 പന്തുകളില്‍ നിന്ന് 152 റണ്‍സ് നേടി. 12 ഫോറും ആറ് സിക്സുമടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിങ്സ്. 39 റണ്‍സെടുത്ത ക്യാപ്റ്റൻ സായ് രാജ് പാട്ടീലും മുംബൈ ബാറ്റിങ് നിരയില്‍ തിളങ്ങി. കേരളത്തിന് വേണ്ടി അഖില്‍ സ്കറിയ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഗോവിന്ദ് ദേവ് പൈയും ക്യാപ്റ്റൻ കൃഷ്ണപ്രസാദും (26) ചേർന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റില്‍ 64 റണ്‍സ് കൂട്ടിച്ചേർത്തു. തുടർന്നെത്തിയ രോഹൻ നായർ (12) വേഗത്തില്‍ മടങ്ങിയെങ്കിലും, മൂന്നാം വിക്കറ്റില്‍ അഖില്‍ സ്കറിയയും ഗോവിന്ദ് ദേവ് പൈയും ചേർന്ന് 104 റണ്‍സ് കൂട്ടിച്ചേർത്തു. അഖില്‍ സ്കറിയ 47 റണ്‍സും ഗോവിന്ദ് ദേവ് പൈ 115 റണ്‍സും നേടി. 106 പന്തുകളില്‍ 11 ബൗണ്ടറികളും നാല് സിക്സുമടങ്ങുന്നതായിരുന്നു ഗോവിന്ദിന്റെ ഇന്നിങ്സ്.

എന്നാല്‍ ഇരുവരും മടങ്ങിയതോടെ മധ്യനിരയിലുണ്ടായ കൂട്ടത്തകർച്ച കേരളത്തെ സമ്മർദ്ദത്തിലാക്കി. 36 റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ ഏഴ് വിക്കറ്റിന് 239 റണ്‍സെന്ന നിലയിലായിരുന്നു കേരളം. തുടർന്ന് വാലറ്റത്ത് എം. നിഖിലും കൃഷ്ണദേവനും കാർത്തിക് ബി. നായരും നടത്തിയ തകർപ്പൻ പോരാട്ടമാണ് കേരളത്തിന് വിജയമൊരുക്കിയത്. നിഖില്‍ 41 പന്തുകളില്‍ 54 റണ്‍സും കൃഷ്ണദേവൻ 16 പന്തുകളില്‍ 24 റണ്‍സും കാർത്തിക് ബി. നായർ 21 പന്തുകളില്‍ 31 റണ്‍സും നേടി. അവസാന പന്തില്‍ ബൗണ്ടറി പായിച്ചാണ് കാർത്തിക് കേരളത്തിൻ്റെ വിജയം കുറിച്ചത്. മുംബൈയ്ക്ക് വേണ്ടി പ്രതീക് മിശ്ര മൂന്നും യഷ് ഡിച്ചോല്‍ക്കറും മാക്സ്വെല്‍ ഡേവിഡും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News