യുവാക്കള്‍ക്കിടയിലെ പുകയില ഉപയോഗം തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി കർശന നിയന്ത്രണങ്ങളുമായി കുവൈത്ത് സർക്കാർ.
രാജ്യത്ത് പുകയില ഉല്‍പ്പന്നങ്ങളുടെയും അവയുടെ അനുബന്ധ ഉപകരണങ്ങളുടെയും ഓണ്‍ലൈൻ വഴിയുള്ള വില്‍പ്പന പൂർണ്ണമായും നിരോധിച്ചു. ഇതിനു പുറമെ, പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 21 വയസ്സായി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ അവാദി പുറപ്പെടുവിച്ച 2026-ലെ 237-ാം നമ്പർ മന്ത്രിതല പ്രമേയത്തിലൂടെയാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഈ പുതിയ നിയമം 2027 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതർ വ്യക്തമാക്കി.
പുകയില ഉല്‍പ്പന്നങ്ങളുടെ നിർമ്മാണം, പാക്കേജിങ്, വിതരണം, വില്‍പ്പന എന്നിവയില്‍ സമഗ്രമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഓണ്‍ലൈൻ വില്‍പ്പന നിരോധിക്കുന്നതോടെ പ്രായപൂർത്തിയാകാത്ത കുട്ടികളിലേക്ക് ഇത്തരം ഉല്‍പ്പന്നങ്ങള്‍ എത്തുന്നത് തടയാൻ സാധിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു. ഇന്റർനെറ്റ് വഴിയുള്ള അനധികൃത കച്ചവടങ്ങള്‍ അവസാനിപ്പിക്കാനും ചെറുപ്പക്കാരെ പുകയില ഉപയോഗത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും ഈ നീക്കം ഏറെ സഹായകമാകും.

