Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓപ്പറേഷൻ തൂഫാൻ: ദി നാര്‍കോ ഹണ്ട് " കേരളം ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ട ദൗത്യം: മുഖ്യമന്ത്രി വി ഡി സതീശൻ

ഓപ്പറേഷൻ തൂഫാൻ: ദി നാര്‍കോ ഹണ്ട് " കേരളം ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ട ദൗത്യം: മുഖ്യമന്ത്രി വി ഡി സതീശൻ

സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മയക്കുമരുന്ന് വ്യാപനമെന്നും അതിനാല്‍ കേരളത്തിൻറെ മണ്ണില്‍ നിന്നും ഈ വിപത്തിനെ തൂത്തെറിയാനുള്ള ഓപ്പറേഷൻ തൂഫാൻ : ദി നാർകോ ഹണ്ട് എന്ന ദൗത്യം കേരളീയ സമൂഹം ഒറ്റക്കെട്ടായി ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.

യുവതയാണ് ഏതൊരു സമൂഹത്തിൻറെയും പുരോഗതിയുടെ നാഴികക്കല്ല്. യുവതയെ മയക്കികിടത്തി സമൂഹത്തിൻറെ പുരോഗതി ഇല്ലാതാക്കുകയാണ് മയക്കുമരുന്ന് മാഫിയകള്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് വ്യാപനം ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു എന്നത് ഏറ്റവും ദൗർഭാഗ്യകരമായ സ്ഥിതിവിശേഷമാണ്.

കേരള പോലീസിൻറെ നേതൃത്വത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ് വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കുന്ന മയക്കുമരുന്നുകള്‍ക്കെതിരെയുള്ള പദ്ധതി തൂഫാൻ: ദി നാർകോ ഹണ്ട് എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ദൗത്യം നടപ്പാക്കുന്നതിനു പോലീസിന് സംസ്ഥാന സർക്കാരിൻറെ പൂർണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.തൂഫാൻ പദ്ധതിയുടെ നോഡല്‍ ഓഫീസറായി ഇൻറലിജൻസ് വിഭാഗം ഐ.ജി പുട്ട വിമലാദിത്യയെ നിയോഗിച്ചതായി ചടങ്ങില്‍ ആധ്യക്ഷ്യത വഹിച്ചു സംസാരിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.ഇൻറലിജൻസ് ഐ.ജിയുടെ നേതൃത്വത്തില്‍ നർക്കോട്ടിക് സെല്ലും ക്രൈംബ്രാഞ്ചും ഉള്‍പ്പെടെയുള്ള പോലീസ് സംവിധാനം ജില്ലാതലങ്ങളിലും താഴേക്കും ലഹരി മരുന്ന് മാഫിയകള്‍ക്കെതിരെ ഊർജ്ജസ്വലമായി പ്രവർത്തിക്കും.

തൂഫാൻ പദ്ധതി ഭാവി തലമുറയ്ക്കായുള്ള ദൗത്യമാണ്. ഇത് വിജയിക്കണമെങ്കില്‍ പൊതുസമൂഹത്തിൻറെ പൂർണ്ണമായ സഹകരണം ആവശ്യമാണ്. മയക്കുമരുന്ന് വിപണനം സംബന്ധിച്ച എല്ലാ വിവരങ്ങളും പോലീസിന് കൈമാറണം. ഇതിനായി ആപ്പുകള്‍ സജ്ജമാക്കും. രഹസ്യ വിവരം നല്‍കുന്നവരുടെ സംരക്ഷണം പോലീസ് ഉറപ്പുവരുത്തും. പദ്ധതിയുമായി മുന്നോട്ടു പോകുമ്പോള്‍ പ്രതിബന്ധങ്ങളുണ്ടായാല്‍ വിട്ടുവീഴ്ചയില്ലാതെ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡാർക്ക് വെബ്ബില്‍ നിന്ന് കച്ചവടം നടത്തുന്നവർക്കെതിരെയും നടപടി ഉണ്ടാകും. മയക്കുമരുന്ന് വ്യാപാരത്തില്‍ ഏർപ്പെടുന്നവർക്ക് അന്തർസംസ്ഥാന ബന്ധങ്ങള്‍ ഉണ്ടാകും ഇവ തകർക്കുന്നതിനുള്ള നടപടികള്‍ കേരള പോലീസ് തയ്യാറാക്കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.ഓപ്പറേഷൻ തൂഫാൻ : ദി നാർകോ ഹണ്ട് പദ്ധതിയുടെ ലോഗോ പ്രകാശനം ചടങ്ങില്‍ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, വിദ്യാഭ്യാസ, എക്സൈസ്, ഗതാഗത മന്ത്രിമാർ ചേർന്ന് നിർവഹിച്ചു.ചടങ്ങില്‍ തൂഫാൻ വാരിയേർസ് ആയി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥിനികള്‍ക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ബാഡ്ജുകള്‍ വിതരണം ചെയ്യുകയും തൂഫാൻ ഫ്ളാഗ് വിദ്യഭ്യാസ മന്ത്രി എൻ. ഷംസുദീൻ കോട്ടണ്‍ ഹില്‍ സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകള്‍ക്കു കൈമാറുകയും ചെയ്തു.

ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീൻ, എക്സൈസ് മന്ത്രി എം. ലിജു, ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍, ശശി തരൂർ എം.പി, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ, ജില്ലയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, സ്കൂള്‍ അധികൃതർ, പി.ടി.എ ഭാരവാഹികള്‍, വിദ്യാർത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവർ സംബന്ധിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News