ദില്ലി: ചൈനയില്‍ അടുത്ത ആഴ്‌ച അവതരിപ്പിക്കാനിരിക്കുന്ന ഓപ്പോയുടെ പുതിയ സ്‍മാർട്ട്ഫോണ്‍ പരമ്പരയായ ഓപ്പോ റെനോ 16 സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.
ഓപ്പോ റെനോ 16 സീരീസിലെ ഫോണുകള്‍ ശക്തമായ ക്യാമറ സംവിധാനവുമായി എത്തും എന്ന് കമ്പനി ഔദ്യോഗികമായി പുറത്തിറക്കിയ ടീസറുകള്‍ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് റെനോ 16- ഉം ഓപ്പോ റെനോ 16 പ്രോയും 200-മെഗാപിക്‌സല്‍ പ്രധാന ക്യാമറയോടെ ആയിരിക്കും വിപണിയില്‍ എത്തുക എന്നതാണ് പ്രധാന ആകർഷണം.
ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വെയിബോയില്‍ കമ്പനി പങ്കുവെച്ച വിവരങ്ങള്‍ അനുസരിച്ച്, ഈ ഫോണുകളുടെ പിൻഭാഗത്ത് ട്രിപ്പിള്‍ ക്യാമറ സജ്ജീകരണം ഉണ്ടാകും. 200-മെഗാപിക്‌സല്‍ പ്രൈമറി സെൻസറിനൊപ്പം 50എംപി അള്‍ട്രാവൈഡ് ക്യാമറയും 50-മെഗാപിക്‌സല്‍ പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസും ഉള്‍പ്പെടും. കൂടാതെ എല്‍ഇഡി ഫ്ലാഷും നല്‍കിയിട്ടുണ്ട്. മെഗാപിക്‌സല്‍ ഒരുപോലെ ആയിരിക്കും എങ്കിലും റെനോ 16 ഉം റെനോ 16 പ്രോയും തമ്മില്‍ ക്യാമറ ഹാർഡ്‌വെയറില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാം എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇതിനിടെ, ഇന്ത്യയിലെ ഓപ്പോ റെനോ 16 സീരീസ് ലോഞ്ച് സമയത്തെക്കുറിച്ചും സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. റിപ്പോർട്ടുകള്‍ പ്രകാരം, ചൈനയില്‍ ലോഞ്ച് ചെയ്‌തതിന് ഏകദേശം ഒരു മാസം കഴിഞ്ഞ്, ജൂലൈ മാസത്തില്‍ റെനോ 16 സീരീസ് ഇന്ത്യൻ വിപണിയിലും എത്താൻ സാധ്യതയുണ്ട്. ഇന്ത്യയില്‍ നാല് മോഡലുകള്‍ അവതരിപ്പിക്കുമെന്നാണ് സൂചന. അതില്‍ റെനോ 16, റെനോ 16 പ്രോ, റെനോ 16 പ്രോ മിനി, റെനോ 16 സി എന്നിവ ഉള്‍പ്പെടും.
ഡിസൈൻ മേഖലയില്‍ കൂടി പുതിയ സീരീസ് ശ്രദ്ധ നേടുന്നുണ്ട്. സ്റ്റാൻഡേർഡ് റെനോ 16 മോഡല്‍ ഗാലക്‌സി പർപ്പിള്‍, ഹാർട്ട്ബീറ്റ്, മൂണ്‍ലൈറ്റ് ഈസ് ഡാർക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാകുമെന്ന് കമ്പനി സ്ഥിരീകരിച്ചു. 12 ജിബി റാം + 256 ജിബി സ്റ്റോറേജില്‍ നിന്ന് ആരംഭിച്ച് 16 ജിബി റാം + 1 ടിബി സ്റ്റോറേജ് വരെ വിവിധ വേരിയന്‍റുകള്‍ അവതരിപ്പിക്കും. ഓപ്പോ റെനോ 16 സീരീസ് ലോഞ്ച് മെയ് 25-ന് ചൈനീസ് സമയം വൈകിട്ട് 6 മണിക്ക് നടക്കും. ഇന്ത്യൻ സമയം പ്രകാരം ഇത് വൈകിട്ട് 3.30-നാണ്. ചടങ്ങില്‍ റെനോ 16 സീരീസിനൊപ്പം ഓപ്പോ പാഡ് 6 ടാബ്‍ലെറ്റും, ഓപ്പോ എൻകോ എയർ 5s TWS എന്നിവയും അവതരിപ്പിക്കും. ചൈനയില്‍ ഇതിനോടകം തന്നെ പ്രീ-റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.

