പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയില്‍ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ സ്ത്രീയും മരിച്ചു.
തെന്നിലാപുരം വടക്കേത്തറ രാധാകൃഷ്ണൻ ഭാര്യ രാധികയാണ് രാവിലെ ആറുമണിയോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ശാരദ ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്.
ഇക്കഴിഞ്ഞ 24ന് രാധികയുടെ ഭർതൃമാതാവ് ശാരദ തുണി കഴുകി അഴയില്‍ ഇട്ടപ്പോള്‍ ആയിരുന്നു അപകടം. വീടിന്റെ ഇരുമ്പ് കഴുക്കോലില്‍ നിന്നും കെട്ടിവലിച്ച ഇരുമ്പ് കമ്പി ഉപയോഗിച്ചുള്ള അഴയായിരുന്നു ഇതില്‍ നിന്നും ഷോക്കേറ്റ് താഴെ വീണ ശാരദയെ മരുമകള്‍ രാധിക രക്ഷിക്കാനായി പിടിച്ചപ്പോള്‍ തെറിച്ചുവീഴുകയായിരുന്നു.
ഇത് കണ്ട അനുജന്റെ ഭാര്യ രേഷ്മ രാധികയെ പിടിച്ചപ്പോള്‍ അവർക്കും ഷോക്ക് ഏല്‍ക്കുകയായിരുന്നു. എന്നാല്‍ രേഷ്മയുടെ പരുക്ക് നിസ്സാരമായതിനാല്‍ ഇവർ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു.

