പരിപ്പും പയർവർഗങ്ങളും ഇന്ത്യൻ ഭക്ഷണത്തിലെ പ്രധാന ഘടകങ്ങളാണ്. പ്രോട്ടീൻ ധാരാളമായി അടങ്ങിയ ഇവ ആരോഗ്യത്തിന് ഏറെ ഗുണകരമാണെങ്കിലും, രാജ്മയും കടലയും പോലുള്ളവ കഴിച്ചാല്‍ പലർക്കും വയറുവീർപ്പ്, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്.
എന്നാല്‍ ഇത്തരം അസ്വസ്ഥതകള്‍ക്ക് കാരണം ഭക്ഷണം തന്നെയല്ല, പലപ്പോഴും അത് തയ്യാറാക്കുന്ന രീതിയാണ്. ശരിയായ രീതിയില്‍ പാചകം ചെയ്യാത്തതാണ് ദഹന പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.
ചില ലളിതമായ മാറ്റങ്ങള്‍ വരുത്തിയാല്‍ പരിപ്പും പയറും കൂടുതല്‍ ആരോഗ്യകരമായും എളുപ്പത്തില്‍ ദഹിക്കുന്ന രീതിയിലും തയ്യാറാക്കി ഉപയോഗിക്കാം.
പരിപ്പും പയറും വേവിക്കുന്നതിന് മുൻപ് കുതിർക്കുക എന്നത് നിർബന്ധമാണ്. ഇത് ദഹനത്തെ തടസ്സപ്പെടുത്തുന്ന ഫൈറ്റിക് ആസിഡ് പോലുള്ള സംയുക്തങ്ങളെ വിഘടിപ്പിക്കാൻ സഹായിക്കുന്നു. രാജ്മ, കറുത്ത കടല തുടങ്ങിയവ 8 മുതല്‍ 12 മണിക്കൂർ വരെ കുതിർക്കണം. ചെറുപരിപ്പ്, തുവരപ്പരിപ്പ് എന്നിവ കുറച്ചു സമയം കുതിർത്താല്‍ മതിയാകും. കുതിർത്ത ശേഷം ആ വെള്ളം പൂർണ്ണമായും കളഞ്ഞ് പുതിയ വെള്ളത്തില്‍ വേണം വേവിക്കാൻ. ഈ വെള്ളത്തിലാണ് ഗ്യാസിന് കാരണമാകുന്ന സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നത്.
പാചകം ചെയ്യുമ്പോള്‍ കായം, ഇഞ്ചി, ജീരകം, അയമോദകം എന്നിവ ചേർക്കുന്നത് ബ്ലോട്ടിങ്ങ് കുറയ്ക്കാൻ മികച്ച മാർഗ്ഗമാണ്. ഇവ ദഹനപ്രക്രിയയെ സഹായിക്കുന്ന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും സങ്കീർണ്ണമായ നാരുകളെ എളുപ്പത്തില്‍ വിഘടിപ്പിക്കുകയും ചെയ്യും. ഇത് ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
പയർവർഗങ്ങള്‍ കഴിക്കാൻ ശീലമില്ലാത്തവർ ആദ്യം ചെറുപരിപ്പ്, തുവരപ്പരിപ്പ് തുടങ്ങിയ ലഘുവായവ തിരഞ്ഞെടുക്കുക. ഇവ ദഹിക്കാൻ എളുപ്പമാണ്. ഉദരം ഇത്തരം ഭക്ഷണങ്ങളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞാല്‍ മാത്രം രാജ്മ, കടല തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ബ്ലോട്ടിങ്ങ് പ്രശ്നമുള്ളവർ ഇത്തരം കനത്ത പയർവർഗങ്ങള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം കഴിക്കുന്നതാണ് ഉചിതം.

