പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പിന് ജില്ല പൂർണ്ണ സജ്ജമായെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ല കലക്ടർ എസ് പ്രേം കൃഷ്ണൻ.
കലക്ടറേറ്റ് ഗവി കോണ്‍ഫറൻസ് ഹാളില്‍ നടന്ന അവസാനഘട്ട തിരഞ്ഞെടുപ്പ് തയാറെടുപ്പ് വിശദീകരിക്കുകയായിരുന്നു ജില്ല കലക്ടർ. 9,74,802 വോട്ടർമാരാണ് ജില്ലയിലുള്ളത്. 5,08,251 സ്ത്രീകളും 4,66,546 പുരുഷൻമാരും അഞ്ച് ട്രാൻസ്ജെൻഡറും. 1207 പോളിങ് സ്റ്റേഷനുകളില്‍ 25 വീതം പ്രശ്നബാധിത ബൂത്തുകളും സ്ത്രീ സൗഹൃദ ബൂത്തുകളുമുണ്ട്. 121 സെക്ടറല്‍ ഉദ്യോഗസ്ഥർ ജോലിക്കുണ്ട്. എഫ്‌എസ്റ്റി ഉള്‍പടെ ജില്ലയിലെ സ്‌ക്വാഡുകള്‍ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ച പോളിങ് ഉദ്യോഗസ്ഥരുടെ മൂന്നാം ഘട്ട പരിശീലനം ഇന്ന് (ഏപ്രില്‍ 7) പൂർത്തിയാകും. ഉദ്യോഗസ്ഥർക്കായി മോക്ഡ്രില്ലുകളും സംഘടിപ്പിച്ചിട്ടുണ്ട്. ഹോം വോട്ടിങ് ജില്ലയില്‍ പൂർത്തിയായി. 96.87 ശതമാനം വോട്ട് രേഖപെടുത്തി. പോളിങ് ഉദ്യോഗസ്ഥർക്ക് വോട്ട് രേഖപെടുത്താൻ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകള്‍ പരിശീലന കേന്ദ്രങ്ങളില്‍ പ്രവർത്തിക്കുന്നു. അവശ്യ സർവീസ് ജീവനക്കാർക്ക് എല്ലാ മണ്ഡലത്തിലും പോസ്റ്റല്‍ വോട്ടിങ് സെന്റർ ഒരുക്കി.
കുറ്റപ്പുഴ മാർത്തോമ റസിഡൻഷ്യല്‍ സ്‌കൂള്‍, മൈലപ്ര മൗണ്ട് ബഥനി ഇഎച്ച്‌എസ്‌എസ്, അടൂർ സർക്കാർ ബിഎഡ് സെന്റർ, റാന്നി സെന്റ് തോമസ് കോളജ്, മലയാലപ്പുഴ മുസലിയാർ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി എന്നിവയാണ് ജില്ലയിലെ പോളിംഗ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങള്‍.വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. ജില്ലയില്‍ മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. തിരുവല്ല, റാന്നി നിയോജക മണ്ഡലങ്ങളുടെ കേന്ദ്രം കോഴഞ്ചേരി സെന്റ് തോമസ് കോളജും ആറന്മുള, അടൂർ എന്നിവയുടെ ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലുമാണ്. മലയാലപ്പുഴ മുസലിയാർ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയാണ് കോന്നി നിയോജക മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രം.
സ്റ്റാഫ് വിന്യാസം, ഇവിഎം ആൻഡ് വിവിപാറ്റ് തയ്യാറെടുപ്പ്, സുരക്ഷാ ക്രമീകരണം, ഗതാഗതസൗകര്യം,കമ്മ്യൂണിക്കേഷൻ ആൻഡ് കണ്‍ട്രോള്‍ റൂം എന്നിവ പോളിങ് ദിനത്തിലേക്ക് സജ്ജമാക്കി. തിരഞ്ഞെടുപ്പ് നിയമലംഘനം സി-വിജില്‍ ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാം. വോട്ടർ ഇൻഫർമേഷൻ സ്ലിപ്പ് വിതരണം പുരോഗമിക്കുന്നു. വിവരങ്ങള്‍ വായിക്കാനും എളുപ്പത്തില്‍ മനസിലാക്കാനും വോട്ടർമാരുടെ പാർട്ട് നമ്പർ, സീരിയല്‍ നമ്പർ വലിയ അക്ഷരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പോളിങ് കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധനമുണ്ട്. പോളിംഗ് ബൂത്തിലെ പ്രവേശന കവാടത്തിനു പുറത്തുള്ള മൊബൈല്‍ ഡിപ്പോസിറ്ററിയില്‍ സമ്മതിദായകർക്ക് ഫോണ്‍ സൂക്ഷിക്കാം. എല്ലാ ബൂത്തുകളിലും 100 ശതമാനം വെബ്കാസ്റ്റിംഗ് സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. പ്രിസൈഡിംഗ് ഓഫീസർമാർ ഓരോ രണ്ട് മണിക്കൂർ ഇടവിട്ട് പോളിംഗ് വിവരങ്ങള്‍ പ്രൊ ആപ്പിലൂടെ അപ്ഡേറ്റ് ചെയ്യും. സക്ഷം ആപ്പിലൂടെ ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് വോളന്റിയർ,വീല്‍ചെയർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 17 സി യിലുള്ള വോട്ടുകളില്‍ നിന്ന് കണ്‍ട്രോള്‍ യൂണിറ്റിലെ വോട്ടുമായി വ്യത്യാസം ഉണ്ടായാല്‍ വിവിപാറ്റിലെ സ്ലിപ്പുകള്‍ എണ്ണുന്നതായിരിക്കുമെന്നും ജില്ല കലക്ടർ അറിയിച്ചു. ജില്ല പൊലിസ് മേധാവി ആർ ആനന്ദ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ കെ എസ് നസിയ എന്നിവർ പങ്കെടുത്തു.

