Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പൗരന്മാരുടെ സുരക്ഷക്കും അടിയന്തര ചികിത്സക്കും വേണ്ടിയുള്ള അവകാശം ഇന്ത്യൻ ഭരണഘടനയുടെ മൗലികാവകാശമാണ് : സുപ്രീം കോടതി

പൗരന്മാരുടെ സുരക്ഷക്കും അടിയന്തര ചികിത്സക്കും വേണ്ടിയുള്ള അവകാശം ഇന്ത്യൻ ഭരണഘടനയുടെ മൗലികാവകാശമാണ് : സുപ്രീം കോടതി

ന്യൂഡല്‍ഹി: പൗരന്മാരുടെ സുരക്ഷക്കും അടിയന്തര ചികിത്സക്കും വേണ്ടിയുള്ള അവകാശം ഇന്ത്യൻ ഭരണഘടനയുടെ മൗലികാവകാശമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിള്‍ 21 പ്രകാരം ഈ അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ അടിയന്തരമായി ചികിത്സ ലഭിക്കേണ്ടത് ഓരോ പൗരന്റെയും മൗലികാവകാശമാണെന്നും കോടതി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും മൂന്ന് മാസത്തിനുള്ളില്‍ '112' എന്ന അടിയന്തര സഹായ നമ്പർ സജീവമാക്കാൻ കോടതി നിർദ്ദേശിച്ചു.

അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭിക്കുന്നത് വളരെ പ്രധാനമാണ്. അപകടസ്ഥലത്ത് എത്തുന്നവർക്ക് പലപ്പോഴും സഹായം നല്‍കാൻ മടിയുണ്ടാകാറുണ്ട്. നിയമനടപടികളെക്കുറിച്ചുള്ള ഭയവും പൊലീസിന്റെ ചോദ്യം ചെയ്യലുകള്‍ നേരിടേണ്ടി വരുമോ എന്ന ആശങ്കയുമാണ് പലരെയും ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. ഇത്തരം തടസ്സങ്ങള്‍ നീക്കുന്നതിനായി ഒരു ഏകീകൃത സംവിധാനം ഒരുക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി കൂട്ടിച്ചേർത്തു.

ഇതിനായി സംസ്ഥാനങ്ങള്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യത്തുടനീളം അടിയന്തര സാഹചര്യങ്ങള്‍ക്കായി '112' എന്ന ഹെല്‍പ്പ്‌ലൈൻ നമ്പർ സജ്ജമാക്കണം, അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധത്തില്‍ പരാതി പരിഹാര സംവിധാനങ്ങള്‍ നടപ്പിലാക്കണം, പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ആംബുലൻസുകളും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം, ആംബുലൻസുകളില്‍ ജി.പി.എസ് സംവിധാനം നിർബന്ധമാക്കുകയും അവയെ 112 ഹെല്‍പ്പ്‌ലൈനുമായി ബന്ധിപ്പിക്കുകയും വേണം, അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ പരിക്കേറ്റവർക്ക് പണമില്ലാതെ ചികിത്സ ഉറപ്പാക്കുന്ന 'പി.എം രാഹത്' പോലുള്ള പദ്ധതികള്‍ മൂന്ന് മാസത്തിനുള്ളില്‍ പൂർണ്ണമായും നടപ്പിലാക്കണം തുടങ്ങിയ നിർദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ അവലോകന യോഗങ്ങള്‍ ചേരുകയും അതിന്റെ റിപ്പോർട്ടുകള്‍ സമർപ്പിക്കുകയും വേണം. ഇതിനുപുറമെ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ആരും ഭയപ്പെടാതെ സഹായം ചെയ്യണമെന്നും ഇതിനായി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായുള്ള പ്രചാരണങ്ങള്‍ സംസ്ഥാനങ്ങള്‍ നടത്തണമെന്നും കോടതി നിർദ്ദേശിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News