തിരുവല്ല : ബന്ധുവായ പെണ്‍കുട്ടിയെ പ്രണയത്തില്‍ നിന്നും പിന്തിരിപ്പിക്കാൻ നടത്തിയ ശ്രമത്തിന് എതിരെ യുവാവ് വീട് കയറി നടത്തിയ ആക്രമത്തില്‍ 23കാരിക്ക് പരിക്ക്.
മുണ്ടപ്പള്ളി കോളനിയില്‍ ലതയുടെ മകള്‍ ജെസ്നയ്ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ജെസ്നയുടെ മൊഴി പ്രകാരം ചങ്ങനാശ്ശേരി പൂവം നക്രാപുതുവേലില്‍ സ്വദേശി കമല്‍ എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണൻ, ഇയാളുടെ സഹോദരൻ കണ്ണൻ എന്നിവർക്കെതിരെ തിരുവല്ല പോലീസ് കേസെടുത്തു.
തിരുവല്ലയിലെ വേങ്ങല്‍ മുണ്ടപ്പള്ളി കോളനിയില്‍ ബുധനാഴ്ച രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. ജെസ്നയുടെ മാതൃ സഹോദരി പുത്രി ആയ മാനസയുടെ ബന്ധവും ഉണ്ണികൃഷ്ണനും തമ്മില്‍ ഏറെക്കാലമായി അടുപ്പത്തില്‍ ആയിരുന്നു. ഉണ്ണികൃഷ്ണന് മറ്റ് പല പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ മാനസ ബന്ധുവായ പെണ്‍കുട്ടിയെ പ്രേമത്തില്‍ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതാണ് വീട് കയറിയുള്ള ആക്രമണത്തില്‍ കലാശിച്ചത്. ബുധനാഴ്ച രാത്രിയോടെ മുണ്ടപ്പള്ളി കോളനിയിലെ വീട്ടിലെത്തിയ ഉണ്ണികൃഷ്ണനും സഹോദരനും ചേർന്ന് മുൻവശത്തെ വാതില്‍ ചവിട്ടി തുറന്ന് ജെസ്‌നയുടെ മാതൃ സഹോദരി പുത്രി മാനസയെ ആക്രമിക്കുകയായിരുന്നു.
ഇത് തടയാൻ ശ്രമിക്കുന്നതിന് ഇടെയാണ് ജെസ്നയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. കഴുത്തിന് കുത്തിപ്പിടിച്ച് ഭിത്തിയില്‍ ചേർത്ത് നിർത്തിയ ശേഷം ഉണ്ണികൃഷ്ണൻ ജെസ്നയെ മർദ്ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് ബന്ധുവീട്ടില്‍ ആയിരുന്ന ജെസ്നയുടെ മാതാപിതാക്കള്‍ എത്തുന്നത് കണ്ട് പ്രതികളായ ഇരുവരും ബൈക്കില്‍ രക്ഷപ്പെട്ടു. തുടർന്ന് ജെസ്ന തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതായി തിരുവല്ല പോലീസ് പറഞ്ഞു.

