മുടിയുടെ അറ്റം പിളരുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. മുടിയുടെ അറ്റം പൊട്ടി പോകുന്നതിന് നിരവധി കാരണങ്ങളുണ്ട്.
പൊടി, മലിനീകരണം, ഡ്രൈ ഷാംപൂ, ഹെയർ കളറിംഗ് ഉള്‍പ്പെടെ പല കാരണങ്ങള്‍ കൊണ്ട് മുടിയുടെ അറ്റം പൊട്ടാം. അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി (എഎഡി) അനുസരിച്ച്, തലമുടിയില്‍ അമിതമായി ചൂട് ഏല്‍ക്കുക, പോഷകാഹാരക്കുറവ് എന്നിവ മുടി പൊട്ടുന്നതിനും അറ്റം പിളരുന്നതിനും കാരണമാകാം. എന്നാല്‍ സ്ഥിരമായ പരിചരണവും നിങ്ങളുടെ ദിനചര്യയിലെ ചെറിയ മാറ്റങ്ങളും കൊണ്ട് തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാം. അത്തരത്തില്‍ തലമുടിയുടെ അറ്റം പിളരുന്നത് തടയാനും മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. കൃത്യമായ ഇടവേളകളില്‍ തലമുടി മുറിക്കുക
അറ്റം പിളരുന്നത് തടയാനുള്ള ഏറ്റവും ലളിതവും എന്നാല്‍ ഫലപ്രദവുമായ മാർഗ്ഗങ്ങളിലൊന്ന് ഓരോ 6 മുതല്‍ 8 ആഴ്ച കൂടുമ്ബോഴും മുടി മുറിക്കുക എന്നതാണ്.
2. അമിതമായ ഹീറ്റ് സ്റ്റൈലിംഗ് ഒഴിവാക്കുക
സ്ട്രൈറ്റനറുകള്‍, കേളറുകള്‍, ചൂടുള്ള ബ്ലോ ഡ്രയറുകള്‍ എന്നിവയുടെ ദൈനംദിന ഉപയോഗം നിങ്ങളുടെ മുടിയില്‍ നിന്ന് ഈർപ്പം ഇല്ലാതാക്കും. അതിനാല്‍ അമിതമായ ഹീറ്റ് സ്റ്റൈലിംഗ് ഒഴിവാക്കുക
3. കണ്ടീഷനിംഗ് ചെയ്യുക
ആഴ്ചയിലൊരിക്കല്‍ ഒരു ഡീപ് കണ്ടീഷനിംഗ് ട്രീറ്റ്മെന്റ് അല്ലെങ്കില്‍ പ്രകൃതിദത്ത ഓയില്‍ മാസ്ക് ഉപയോഗിക്കുന്നത് നല്ലതാണ്. വെളിച്ചെണ്ണ, അർഗൻ ഓയില്‍, ഷിയ ബട്ടർ തുടങ്ങിയ ചേരുവകള്‍ മുടിയുടെ നാരുകള്‍ ശക്തിപ്പെടുത്തുകയും പൊട്ടിപ്പോകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
4. മുടി അമിതമായി കഴുകുന്നത് നിർത്തുക
മുടി ഇടയ്ക്കിടെ കഴുകുന്നത് അതിന്റെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ആഴ്ചയില്‍ 2-3 തവണയില്‍ കൂടുതല്‍ മുടി കഴുകാതിരിക്കാൻ ശ്രമിക്കുക. കൂടാതെ സള്‍ഫേറ്റ് രഹിതവും മോയ്‌സ്ചറൈസിംഗ് ഷാംപൂവും ഒരു ഹൈഡ്രേറ്റിംഗ് കണ്ടീഷണറും ഉപയോഗിക്കുക.
5. നനഞ്ഞ മുടിയില്‍ ചീപ്പ് ഉപയോഗിക്കരുത്
നനഞ്ഞ മുടിയാണ് പൊട്ടിപ്പോകാൻ ഏറ്റവും സാധ്യതയുള്ളത്. അതിനാല്‍ നനഞ്ഞ മുടിയില്‍ ചീപ്പ് ഉപയോഗിക്കരുത്. അതുപോലെ തന്നെ വീതിയുള്ള പല്ലുള്ള ചീപ്പ് ഉപയോഗിക്കുക.
6. സാറ്റിൻ അല്ലെങ്കില്‍ സില്‍ക്ക് തലയിണ കവറുകളിലേക്ക് മാറുക
സാറ്റിൻ അല്ലെങ്കില്‍ സില്‍ക്ക് തലയിണ കവറുകള്‍ ഉപയോഗിക്കുന്നത് മുടിയുടെ ഈർപ്പം നിലനിർത്താൻ സഹായിക്കും.
7. സൂര്യനില്‍ നിന്ന് നിങ്ങളുടെ മുടിയെ സംരക്ഷിക്കുക
യുവി രശ്മികള്‍ ചർമ്മത്തിന് കേടുവരുത്തുന്നതുപോലെ മുടിയുടെ ആരോഗ്യത്തെയും ബാധിക്കാം. അതിനാല്‍ ശക്തമായ വെയിലില്‍ ഇറങ്ങുമ്ബോള്‍ ഒരു തൊപ്പിയോ സ്കാർഫോ ധരിക്കുക. യുവി സംരക്ഷണമുള്ള ഹെയർ കെയർ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കുക.
8. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക
തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാനായി ബയോട്ടിൻ, ഇരുമ്ബ്, സിങ്ക്, ഒമേഗ-3, വിറ്റാമിൻ ഇ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇതിനായി ഇലക്കറികള്‍, മുട്ട, നട്‌സ്, വിത്തുകള്‍ എന്നിവ കഴിക്കാം. അതുപോലെ മുടിയുടെ ഉള്ളില്‍ നിന്ന് ജലാംശം നിലനിർത്താൻ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക.

