Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രണ്ടു പതിറ്റാണ്ടിനിടെ ആദ്യം ; ഇന്ത്യൻ മാമ്പഴങ്ങളുടെ ഇറക്കുമതി നിരോധിച്ച്‌ ജപ്പാൻ

രണ്ടു പതിറ്റാണ്ടിനിടെ ആദ്യം ; ഇന്ത്യൻ മാമ്പഴങ്ങളുടെ ഇറക്കുമതി നിരോധിച്ച്‌ ജപ്പാൻ

Kerala OnlineNews 4 months ago

ന്യൂഡല്‍ഹി: രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യൻ മാമ്പഴങ്ങളുടെ ഇറക്കുമതി നിർത്തി ജപ്പാൻ. കയറ്റുമതിക്ക് മുൻപായി മാമ്പഴങ്ങള്‍ അണുവിമുക്തമാക്കുന്നതില്‍ വീഴ്ചകള്‍ കണ്ടെത്തിയതിനെത്തുടർന്നാണ് ഇന്ത്യയില്‍ നിന്നുള്ള മാമ്പഴങ്ങള്‍ക്ക് ജപ്പാൻ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

എല്ലാ വർഷവും ജപ്പാനിലേക്ക് വ്യാപകമായി കയറ്റുമതി ചെയ്യുന്ന അല്‍ഫോണ്‍സോ, കേസർ, ലാംഗ്ര, ബംഗനപ്പള്ളി തുടങ്ങിയ പ്രീമിയം ഇന്ത്യൻ ഇനങ്ങളെ ഈ നിരോധനം ബാധിക്കും.

ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതിനാല്‍ അല്‍ഫോണ്‍സോ, കേസരി തുടങ്ങിയ പ്രീമിയം ഇനങ്ങള്‍ ഇനിമുതല്‍ ജപ്പാനിലേക്ക് അയക്കാൻ സാധിക്കില്ല. കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായാണ് ജപ്പാൻ ഇന്ത്യൻ മാമ്പഴങ്ങളുടെ ഇറക്കുമതി നിർത്തിവെക്കുന്നത്. ഇന്ത്യൻ വേപ്പർ ഹീറ്റ് ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളില്‍ ജപ്പാനിലെ പ്ലാന്റ് ക്വാറന്റൈൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ ശുദ്ധീകരണ നടപടികളില്‍ വീഴ്ചകള്‍ കണ്ടെത്തിയിരുന്നു. ഇതാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. മാമ്പഴങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് മുൻപ് അവയെ കീടവിമുക്തമാക്കുന്ന പ്രധാന കേന്ദ്രങ്ങളാണ് ഇവ. ലോകത്തിലെ തന്നെ ഏറ്റവും കർശനമായ പ്ലാന്റ് ഹെല്‍ത്ത് നിയന്ത്രണങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ.

യോക്കോഹാമ പ്ലാന്റ് പ്രൊട്ടക്ഷൻ അസോസിയേഷന്റെ അറിയിപ്പ് പ്രകാരം, 2026 മാർച്ച്‌ 25-ന് ശേഷം നല്‍കിയ ഇൻസ്‌പെക്ഷൻ സർട്ടിഫിക്കറ്റുകളുള്ള മാമ്പഴങ്ങള്‍ ജപ്പാൻ സ്വീകരിക്കില്ല. ഇതിനുമുമ്പ് 20 വർഷത്തോളം നീണ്ടുനിന്ന വിലക്ക് 2006-ലാണ് ജപ്പാൻ പിൻവലിച്ചത്.

നിലവില്‍ കാലാവസ്ഥാ വ്യതിയാനം മൂലം പ്രതിസന്ധിയിലായ കർഷകർക്ക് ലാഭകരമായ വിദേശ വിപണി നഷ്ടപ്പെടുന്നത് വലിയ സാമ്പത്തിക ബാധ്യതയാകും വരുത്തിവെയ്ക്കുക. പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ വിപണി തിരിച്ചുപിടിക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ടെങ്കിലും ഈ വർഷത്തെ കയറ്റുമതി സീസണ്‍ ഏകദേശം നഷ്ടപ്പെട്ട അവസ്ഥയിലാണ്.

ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ ഉത്പാദക രാജ്യമാണ് ഇന്ത്യ. പ്രതിവർഷം ഏകദേശം 28 ദശലക്ഷം മെട്രിക് ടണ്‍ മാമ്പഴം ഇന്ത്യ ഉത്പാദിപ്പിക്കുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News