തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും സ്വർണം നഷ്ടപ്പെട്ടതായി വിവരാവകാശരേഖ ശബരിമലയിലെ സ്വർണക്കൊള്ളയ്‌ക്കു സമാനമായി തിരുവനന്തപുരം ശ്രീവരാഹം ക്ഷേത്രം, കൊച്ചി ദേവസ്വം ബോർഡിന്റെ കീഴിലുള്ള പുള്ള് ദേവീക്ഷേത്രം, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം എന്നിവിടങ്ങളിലാണ് സ്വർണം കാണാതായത്.
കൊച്ചി ദേവസ്വം ബോർഡിന്റെ തൃശ്ശൂർ ഗ്രൂപ്പായ പഴുവം ദേവസ്വത്തിനുകീഴിലുള്ള പുള്ള് ദേവീക്ഷേത്രത്തില്‍ 40 ഗ്രാം 500 മില്ലിഗ്രാം തൂക്കംവരുന്ന ഏഴ് സ്വർണമാലകളാണ് നഷ്ടമായത്. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ സ്വർണമകുടത്തില്‍നിന്ന് 663 മില്ലിഗ്രാം, ശ്രീവരാഹം ക്ഷേത്രത്തിലെ പൈതൃകമൂല്യമുള്ള 7.750 ഗ്രാം തൂക്കമുള്ള രണ്ടു മാലകള്‍ എന്നിവയും നഷ്ടമായി. മിക്ക ദേവസ്വം ക്ഷേത്രങ്ങളിലും തിരുവാഭരണങ്ങളുടെ കണക്ക് രേഖപ്പെടുത്തുന്ന തിരുവാഭരണ രജിസ്റ്റർ ഇല്ലെന്നും മറുപടിയില്‍ പറയുന്നു.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്ബൂതിരിക്ക് കൊച്ചി ദേവസ്വം തൃശ്ശൂർ ഗ്രൂപ്പ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നല്‍കിയ വിവരാവകാശരേഖയിലാണ് സ്വർണം നഷ്ടമായ വിവരമുള്ളത്.
ശബരിമല വികസനത്തിനായി സ്വദേശ് ദർശൻ പദ്ധതിയില്‍ കേന്ദ്രസർക്കാർ അനുവദിച്ച 46.53 കോടി രൂപയില്‍ ചെലവഴിച്ചത് 36.27 കോടി മാത്രമാണെന്നും വിവരാവകാശരേഖകളെ ഉദ്ധരിച്ച് ഗോവിന്ദൻ നമ്ബൂതിരി വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

