Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ശക്തമായ മഴ ; കേരള തീരത്ത് 'കള്ളക്കടല്‍' ജാഗ്രതാ നിര്‍ദേശം

ശക്തമായ മഴ ; കേരള തീരത്ത് 'കള്ളക്കടല്‍' ജാഗ്രതാ നിര്‍ദേശം

Kerala OnlineNews 2 weeks ago

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. നാളെ (മെയ് 29) രാത്രി 11.30 വരെ കേരള തീരത്ത് 0.8 മുതല്‍ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

മഴ മുന്നറിയിപ്പിന്റെ ഭാഗമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം കേരള - കർണാടക - ലക്ഷദ്വീപ്‌ തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.

വിവിധ ജില്ലകളിലെ യെല്ലോ അലർട്ട്

മെയ് 28: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ.

മെയ് 29: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം.

ജൂണ്‍ 01: കോട്ടയം, ഇടുക്കി, എറണാകുളം.

തീരദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമുള്ള സുരക്ഷാ നിർദ്ദേശങ്ങള്‍:

കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് പൂർണമായും ഒഴിവാക്കേണ്ടതാണ്.

കള്ളക്കടല്‍ പ്രതിഭാസവും ഉയർന്ന തിരമാലയും ഉള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നതുപോലെ തന്നെ അപകടകരമാണ് അവ കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന സമയത്ത് ഈ രണ്ടു നടപടികളും ഒഴിവാക്കുക.

വിനോദസഞ്ചാരികള്‍ ബീച്ചുകളിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും നിരോധിച്ചിട്ടുണ്ട്.

മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം മുതലായവ) ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം.

തീരശോഷണത്തിനു (കടല്‍ക്ഷോഭം മൂലമുള്ള മണ്ണൊലിപ്പ്) സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ പ്രത്യേകം ജാഗ്രത പുലർത്തുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News