Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്വര്‍ണവിലയില്‍ ഇടിവ് ; പവന് ഇന്ന് എത്രയെന്ന് അറിയാം

സ്വര്‍ണവിലയില്‍ ഇടിവ് ; പവന് ഇന്ന് എത്രയെന്ന് അറിയാം

കൊച്ചി : സ്വർണവിലയില്‍ കയറ്റിറക്കം തുടരുന്നു. ഇന്ന് ഗ്രാമിന് 115 രൂപ കൂടി 12,905 ആയി. പവന് 920 വർധിച്ച്‌ 1,03,240 രൂപയാണ് വില.

ഇന്നലെ രാവിലെ ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ വെള്ളിവില ഇന്ന് തിരിച്ചു കയറി. അഞ്ച് രൂപ കൂടി 240 രൂപയാണ് ഇന്നത്തെ ഗ്രാം വില. ഇന്നലെ സ്വർണത്തിന് രാവിലെ 165 രൂപ കുറയുകയും വൈകീട്ട് 175 രൂപ കൂടുകയും ചെയ്തു. 1,04,160 രൂപയായിരുന്നു വിപണി ക്ലോസ് ചെയ്യുമ്പോഴുള്ള നിരക്ക്.

അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിന് 49.37 ഡോളർ കുറഞ്ഞു. 1.23 ശതമാനം കുറഞ്ഞ് 3,975.91 ഡോളറാണ് ഇന്നത്തെ വില. ഏറെ നാളായി വൻ ചാഞ്ചാട്ടത്തിനാണ് വിപണി സാക്ഷ്യം വഹിക്കുന്നത്. ഈ വർഷം ജനുവരി 31ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് സ്വർണവിലയുടെ എക്കാലത്തെയും ഉയർന്ന നിരക്ക്.

തിങ്കളാഴ്ച രാവിലെയും വൈകീട്ടുമായി സ്വർണം പവന് 1480 രൂപ കുറഞ്ഞിരുന്നു. രാവിലെ ഗ്രാമിന് 85 രൂപ താഴ്ന്ന് 13,110 രൂപയും പവന് 680 രൂപ കുറഞ്ഞ് 1,04,880 രൂപയുമായിരുന്നു. വൈകീട്ട് ഗ്രാമിന് 100 രൂപയും പവന് 800 രൂപയും ഇടിഞ്ഞു. 1,04,080 രൂപ നിരക്കിലാണ് വിപണി ക്ലോസ് ചെയ്തത്. ശനിയാഴ്ച ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വർധിച്ചിരുന്നു. പവന് 1,05,560 രൂപയും ഗ്രാമിന് 13,195 രൂപയുമായിരുന്നു വില.

ഇറാൻ -യു.എസ് യുദ്ധവിരാമത്തിനുശേഷം സ്വർണത്തിന് വൻ വില വർധനയുണ്ടാവുമെന്ന് വിപണി നിരീക്ഷകർ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, യു.എസില്‍ പണപ്പെരുപ്പം കുറയാതിരുന്നതോടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസർവ് പലിശ കുറച്ചില്ല. ഭാവിയില്‍ പലിശ കൂട്ടുമെന്ന സൂചനയും നല്‍കി. ഇതോടെ യു.എസ് ബോണ്ട് നിക്ഷേപം കൂടുതല്‍ ആകർഷകമായി മാറി. സ്വർണത്തേക്കാള്‍ പണമൊഴുക്ക് ബോണ്ടുകളിലേക്കായി. ഇതോടെ വില ഇടിയുകയായിരുന്നു. യു.എസ് പണപ്പെരുപ്പമാകും സ്വർണത്തിന്റെ ഇനിയുള്ള ഗതി നിർണയിക്കുക.

യു.എസ് കേന്ദ്രബാങ്ക് പലിശ നിരക്ക് ഉയർത്തിയാല്‍ സ്വർണവില വീണ്ടും ഇടിയും. അടുത്ത സെപ്റ്റംബറില്‍ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ യു.എസ് വായ്പാ നിരക്കാവും സ്വർണത്തെ സ്വാധീനിക്കുക. അതുവരെ വിപണിയിലെ ചാഞ്ചാട്ടം തുടരും. സെപ്റ്റംബറില്‍ യു.എസ് കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചാല്‍ സ്വർണത്തിന്റെ കുതിപ്പിന് അത് കാരണമാകും.

2008ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷം സ്വർണ വില വലിയ രീതിയില്‍ ഉയർന്നിരുന്നു. 2015 വരെ ഉയർന്ന നിരക്കില്‍ തുടർന്ന് സ്വർണത്തിന് പിന്നീട് ഇടിവുണ്ടായി. 2019ലാണ് സ്വർണത്തിന്റെ വില കൂടാൻ തുടങ്ങിയത്. ഈയൊരു സാഹചര്യം ഇപ്പോഴും ആവർത്തിക്കുമെന്ന് പ്രവചിക്കുന്നവരുണ്ട്. അതുപോലെ യുദ്ധത്തിന്റെ ഗതിയും പ്രവചനാതീതമാണ്. ഇതും സ്വർണത്തിന്റെ വാങ്ങല്‍ സംബന്ധിച്ച പ്രവചനങ്ങള്‍ അസാധ്യമാക്കുന്നു. സ്വർണ വിപണിയിലെ അനിശ്ചിതത്വം കാരണം ചില ഗോള്‍ഡ് ഇ.ടി.എഫ് ഫണ്ടുകള്‍ തല്‍ക്കാലത്തേക്ക് നിക്ഷേപം സ്വീകരിക്കുന്നത് നിർത്തിയിരുന്നു. സ്വർണത്തിന്റെ ചാഞ്ചാട്ടമാണ് മ്യൂച്വല്‍ ഫണ്ട് കമ്പനികളെ നിക്ഷേപം സ്വീകരിപ്പിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News