Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തിയേറ്ററുകളില്‍ വൻ വിജയക്കുതിപ്പ് തുടര്‍ന്ന് 'രാമായണ'

തിയേറ്ററുകളില്‍ വൻ വിജയക്കുതിപ്പ് തുടര്‍ന്ന് 'രാമായണ'

നിതേഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ' തിയേറ്ററുകളില്‍ വൻ വിജയക്കുതിപ്പ് തുടരുന്നു.

രണ്‍ബീർ കപൂർ ശ്രീരാമനായും യഷ് രാവണനായും സായ് പല്ലവി സീതാദേവിയായും എത്തുന്ന ചിത്രം ആഗോള ബോക്സ് ഓഫീസിലും റെക്കോർഡ് നേട്ടമാണ് സ്വന്തമാക്കുന്നത്. റിലീസ് ചെയ്ത് 14 ദിവസം കൊണ്ട് ചിത്രം ആഗോളതലത്തില്‍ 1540 കോടി രൂപ കളക്ഷൻ നേടി.

നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ വിഎഫ്‌എക്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിന്റെ മോണ്‍സ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. സോണി പിക്ചേഴ്സ് അന്താരാഷ്ട്ര വിതരണവും ധർമ്മ പ്രൊഡക്ഷൻസ് ഉത്തരേന്ത്യൻ വിതരണവും ഏറ്റെടുത്തിരിക്കുന്നു.

ലളിതവും കരുത്തുറ്റതുമായ അവതരണത്തിലൂടെ സായ് പല്ലവി സീതയായി തിളങ്ങുമ്പോള്‍, പ്രതാപിയായ രാവണനായാണ് യഷ് എത്തുന്നത്. മലയാളത്തിന്റെ പ്രിയനടി ശോഭന കൈകേയിയായി വേഷമിടുന്നു എന്നതും ശ്രദ്ധേയമാണ്. പഴയ ടെലിവിഷൻ രാമായണ പരമ്പരയിലൂടെ ശ്രീരാമനായി പ്രേക്ഷകമനസ്സ് കീഴടക്കിയ അരുണ്‍ ഗോവില്‍ ദശരഥ മഹാരാജാവായി ചിത്രത്തില്‍ എത്തുന്നു.

'ദംഗല്‍' പോലുള്ള ആഗോള ഹിറ്റുകള്‍ ഒരുക്കിയ നിതേഷ് തിവാരിയുടെ സംവിധാനവും ശ്രീധർ രാഘവന്റെ തിരക്കഥയും ചിത്രത്തെ മികവുറ്റതാക്കുന്നു. ലക്ഷ്മണനായി രവി ദുബെയും വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ദേവും ഇന്ദ്രദേവനായി കുനാല്‍ കപൂറും ശൂർപ്പണഖയായി രാകുല്‍ പ്രീത് സിംഗും അണിനിരക്കുന്നു. ഓസ്കർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ വലിയ പ്രത്യേകതയാണ്.

ഇന്ത്യയുടെ സംസ്കാരവും പാരമ്പര്യവും അതിന്റെ എല്ലാ ഭംഗിയോടും കൂടി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് നിർമ്മാതാവ് നമിത് മല്‍ഹോത്ര വ്യക്തമാക്കിയിരുന്നു. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന പരമ്പരയിലെ ആദ്യ ഭാഗമായ ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളില്‍ ഒന്നാണ്. ആതിര ദില്‍ജിത്താണ് പിആർഒ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News