വാരണാസി : വാരണാസിയിലെ ഗംഗാ നദിയില്‍ ബോട്ടില്‍ ഒരുകൂട്ടം യുവാക്കള്‍ ബിയർ കുടിക്കുകയും ഉച്ചത്തിലുള്ള ഡിജെ സംഗീതത്തിനൊപ്പം നൃത്തം ചെയ്യുകയും ചെയ്ത സംഭവത്തില്‍ ഒരാളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.
പ്രധാന പ്രതി വാരണാസിയിലെ നാഗ്വയില്‍നിന്നുള്ള അർജുൻ രാജ്ഭറിനെയാണ് പിടിക്കൂടിയത്. സമാധാനം തകർക്കാൻ ഉദ്ദേശിച്ചുള്ള മനഃപൂർവ്വമായ അപമാനം, ക്രിമിനല്‍ പ്രവർത്തനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
അർധനഗ്നനായി ബിയർ കുടിക്കുകയും മറ്റുള്ളവരോടൊപ്പം ഗംഗാനദിയില്‍ പാർട്ടി നടത്തുകയും ചെയ്യുന്ന രാജ്ഭറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് ഇയാളെ പിടികൂടാൻ പൊലീസ് നിർബന്ധിതരാകുകയായിരുന്നു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശീതള ഘട്ടില്‍നിന്ന് മഞ്ചി സമൂഹം നടത്തിയ യാത്രയിലാണ് ഈ സംഭവം നടന്നതെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗംഗാ നദിയുടെ വിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും ഇത്തരം പ്രവർത്തികള്‍ക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യമുയരുകയുണ്ടായി.
സംഭവത്തെ എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി, ഗംഗാ നദിയില്‍ ബോട്ടിലെ ഇഫ്താർ വിരുന്നില്‍ ചിക്കൻ ബിരിയാണി കഴിച്ചതിന് അറസ്റ്റിലായ മുസ്‍ലിം യുവാക്കളുമായി താരതമ്യപ്പെടുത്തി രംഗത്തുവരികയും ചെയ്തിരുന്നു.
'ഈ മദ്യ ഉപഭോഗം അനുവദനീയമാണോ? അത് വികാരങ്ങളെ വ്രണപ്പെടുത്തുന്നില്ലേ?, അത് സാമൂഹിക ഐക്യത്തെ തകർക്കുന്നില്ലേ? അത് പൊതുജന ശല്യമുണ്ടാക്കുന്നില്ലേ? അത് ജലനിയമം ലംഘിക്കുന്നില്ലേ? ഭരണകക്ഷിയും പരാതി നല്‍കില്ലേ? 14 മുസ്‍ലിം ചെറുപ്പക്കാർ ഇപ്പോഴും ജയിലിലാണ്' -ഉവൈസി എക്‌സില്‍ കുറിച്ചു.
വാരാണസിയില്‍ ഗംഗാ നദിയില്‍ ബോട്ടിലെ ഇഫ്താർ വിരുന്നില്‍ ചിക്കൻ ബിരിയാണി കഴിച്ച സംഭവത്തില്‍ 14 പേരെ യു.പി പൊലീസ് കഴിഞ്ഞ മാസം അറസ്റ്റ്‍ ചെയ്‍തിരുന്നു. യുവ മോർച്ച നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. മതവികാരം വ്രണപ്പെടുത്തല്‍, സ്‍പർധയുണ്ടാക്കല്‍, ആരാധനാലയം അശുദ്ധമാക്കല്‍, ജലം മലിനമാക്കല്‍ എന്നീ കുറ്റംചുമത്തിയാണ് കേസെടുത്തത്.

