പ്രയാഗ്‌രാജ്: വീട്ടില്‍ നിന്ന് പുറത്താക്കിയ ഭർത്താവിനെ നിയമത്തിന് മുന്നില്‍ എത്തിക്കാൻ ഇൻസ്റ്റഗ്രാമില്‍ വ്യാജ പ്രൊഫൈലിലൂടെ കെണിയൊരുക്കി യുവതി.
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിനിയായ സോണി ത്രിപാഠിയാണ് മുങ്ങിനടന്ന ഭർത്താവ് പ്രഭുദത്തിനെ നാടകീയമായി പൊലീസിന് കൈമാറിയത്. യുവതിയെ മർദിച്ചതിനും വധഭീഷണി മുഴക്കിയതിനും പൊലീസ് കേസെടുത്തു.
നാല് വർഷം മുൻപാണ് പ്രഭുദത്ത് സോണിയെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടത്. പൊലീസിനെ വെട്ടിച്ച് നടന്നിരുന്ന ഇയാളെ പിടികൂടാൻ സോണി ഇൻസ്റ്റഗ്രാമില്‍ ഒരു വ്യാജ പ്രൊഫൈല്‍ നിർമ്മിക്കുകയും പ്രഭുദത്തുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. പ്രൊഫൈലിന് പിന്നില്‍ തന്റെ ഭാര്യയാണെന്ന് അറിയാതെ പ്രഭുദത്ത് വിവാഹ വാഗ്ദാനം നല്‍കി. മെയ് രണ്ടിന് പ്രയാഗ്‌രാജിനടുത്തുള്ള ക്ഷേത്രത്തില്‍ വെച്ച് കാണാമെന്ന് സോണി അറിയിച്ചു.
സ്ഥലത്തെത്തിയ പ്രഭുദത്തിന് മുന്നില്‍ സോണി തന്റെ മുഖാവരണം നീക്കിയതോടെയാണ് കെണി തിരിച്ചറിഞ്ഞത്. ഇതോടെ സോണിയെ ക്രൂരമായി മർദിച്ച ഇയാള്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ സമീപത്ത് തന്നെ ഒളിച്ചുനിന്നിരുന്ന സോണിയുടെ ബന്ധുക്കള്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

