സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനങ്ങളെയും നിലപാടുകളെയും വിമർശിച്ച് എല്‍.ഡി.എഫ് നേതാവ് കെ.ടി.
ജലീല്‍ രംഗത്ത്. പിണറായി വിജയനില്‍ കണ്ട ഏറ്റവും വലിയ ഗുണം പിണറായിയെ എന്തൊരു കാര്യത്തിന് വിളിച്ചാലും അദ്ദേഹം ഫോണെടുക്കുമെന്നും 'യസ്' അല്ലെങ്കില്‍ 'നൊ എന്ന മറുപടി അദ്ദേഹം തരുമെന്നും, ആളുകളെ സുഖിപ്പിച്ച് വർത്തമാനം പറഞ്ഞ് കുന്നോളം പ്രതീക്ഷ നല്‍കി ആരെയും പിണറായി പറഞ്ഞയക്കില്ലെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
പ്രിയപ്പെട്ട മുഖ്യമന്ത്രീ, താങ്കള്‍ പിണറായി വിജയനില്‍ കണ്ട ഏറ്റവും വലിയ ഗുണം പിണറായിയെ എന്തൊരു കാര്യത്തിന് വിളിച്ചാലും അദ്ദേഹം ഫോണെടുക്കും, അപ്പോള്‍ എടുക്കാൻ കഴിഞ്ഞില്ലെങ്കില്‍ വൈകാതെ തിരിച്ചു വിളിക്കും. പറയുന്ന കാര്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ഉണ്ടാകും. 'യസ്' അല്ലെങ്കില്‍ 'നൊ'. 'യസ്' എന്നാണെങ്കില്‍ അത് നടക്കും. 'നൊ' എന്നാണെങ്കില്‍ അതിൻ്റെ കാര്യകാരണങ്ങള്‍ പറയും.
ആളുകളെ സുഖിപ്പിച്ച് വർത്തമാനം പറഞ്ഞ് പുറത്ത് കൊട്ടി കുന്നോളം പ്രതീക്ഷ നല്‍കി ആരെയും പിണറായി പറഞ്ഞയക്കില്ല. പൊതുവേദിയില്‍ ഒരിക്കലും അദ്ദേഹം നുണ പറയുകയുമില്ല.
എന്നാല്‍ പ്രിയപ്പെട്ട മുഖ്യമന്ത്രീ, അങ്ങ് ഏത് നിക്ഷേപ പ്രഭുക്കളെ കാണാനാണ് ഹെലികോപ്റ്ററില്‍ കൊച്ചിയിലെത്തിയത്? എവിടെ വെച്ചാണ് നിങ്ങള്‍ അവരുമായി സംസാരിച്ചത്? ചർച്ച ഫലവത്തായോ? എത്ര കോടിയുടെ നിക്ഷേപമാണ് അവർ നടത്താൻ ഉദ്ദേശിക്കുന്നത്? ഏത് മേഖലയിലാണ് അവർ നിക്ഷേപിക്കുക? 8 മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ട കെടുതികള്‍ അവലോകനം ചെയ്ത് രാക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കേണ്ട സമയത്ത്, ഹെലികോപ്ടറില്‍ പറന്നെത്തി അങ്ങോട്ട് ചെന്ന് കാണാൻ മാത്രം പ്രസക്തനായ ആ വ്യവസായ പ്രമുഖൻ്റെ പേരെന്താണ്? അല്ലെങ്കില്‍ ബന്ധപ്പെട്ട കമ്പനി ഏതാണ്? വ്യക്തിപരമായ ബിസിനസ് കാര്യത്തിനാണ് താങ്കള്‍ സംസാരിച്ചതെങ്കില്‍ താങ്കള്‍ പറയണ്ട. എന്നാല്‍ സംസ്ഥാന താല്‍പര്യം മുൻനിർത്തിയുള്ള കൂടിക്കാഴ്ചയാണ് നടന്നതെങ്കില്‍ മുകളിലെ ചോദ്യങ്ങള്‍ക്ക് അങ്ങ് മറുപടി പറഞ്ഞേ മതിയാകൂ.
ഒരു കളവ് മൂടിവെക്കാൻ നൂറു നുണകള്‍ അടുത്ത പത്രസമ്മേളനങ്ങളില്‍ താങ്കള്‍ക്കു പറയേണ്ടി വരും. താങ്കള്‍ കുറച്ചു കൂടി 'സീരിയസ്' ആവണം. കൊഞ്ചിക്കുഴഞ്ഞ വർത്തമാനങ്ങള്‍ക്കും അടുക്കളയില്‍ പോയി ചട്ടിയുടെ മൂടി തുറന്ന് കറിയുടെ സ്വാദ് നോക്കാനുമൊക്കെ നിയുക്ത കെ.പി.സി.സി പ്രസിഡണ്ടിനെ ചുമതപ്പെടുത്തിയാല്‍ പോരെ? അതിനൊന്നും താങ്കള്‍ക്ക് കഴിയില്ല. വി.ഡി സതീശൻ അതൊക്കെ ചെയ്താല്‍ തനി ബോറാകും! ജ്വല്ലറി ഉല്‍ഘാടനത്തിനും കോഫീ ഷോപ്പ് ഉല്‍ഘാടനത്തിനുമെല്ലാം മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷനെ ഭരമേല്‍പ്പിക്കുക. മറ്റുള്ളവരുടെ ചട്ടിയില്‍ താങ്കള്‍ കയ്യിട്ട് വാരി അലമ്പാക്കുന്നത് എന്തിനാണ്? താങ്കള്‍ തന്നെ പറഞ്ഞ പോലെ വാക്കിന് സ്ഥിരതയുള്ള പിണറായി 10 കൊല്ലം ഇരുന്ന കസേരയിലല്ലേ താങ്കള്‍ ഇരിക്കുന്നത്?

