ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച് 2027-ലെ റമസാൻ ഫെബ്രുവരി 8 ന് ആരംഭിക്കുമെന്ന് പ്രതീക്ഷ. എന്നാല്‍ ഔദ്യോഗിക ചന്ദ്രദർശനത്തിന് വിധേയമായി മാത്രമായിരിക്കും തീയതി സ്ഥിരീകരിക്കുക.ക്രിസ്മസ് അല്ലെങ്കില്‍ പുതുവത്സര ദിനങ്ങള്‍ പോലെ റമസാൻ വ്രതാരംഭം ഓരോ വർഷവും ഒരേ തീയതിയില്‍ വരാറില്ല.
ഗ്രിഗോറിയൻ കലണ്ടറിന് പകരം ഹിജ്റ ചന്ദ്രമാസ കലണ്ടർ പിന്തുടരുന്നതിനാല്‍ ഓരോ വർഷവും 10 മുതല്‍ 11 ദിവസം വരെ മുൻപോട്ട് മാറിയാണ് വ്രതമാസം എത്താറുള്ളത്. ഇതുമൂലം ഏകദേശം 33 വർഷത്തെ ഒരു പൂർണ ചക്രത്തിനുള്ളില്‍ എല്ലാ ഋതുക്കളിലും റമസാൻ വ്രതമനുഷ്ഠിക്കാൻ മുസ്‍ലിങ്ങള്‍ക്ക് സാധിക്കുന്നു. ഈ വർഷം മാർച്ചില്‍ റമസാൻ അവസാനിച്ചതോടെ അടുത്ത വ്രതമാസത്തിനായുള്ള കാത്തിരിപ്പിലാണ് വിശ്വാസികള്‍.12 മാസങ്ങളുള്ള ഇസ്‍ലാമിക് കലണ്ടറിന് ആകെ 354 ദിവസങ്ങളാണുള്ളത്. ഇത് സൗരവർഷത്തേക്കാള്‍ 11 ദിവസം കുറവാണ്. തല്‍ഫലമായി റമസാൻ മാസം ക്രമേണ പിന്നോട്ട് മാറി ശിശിരം, വസന്തം, ഗ്രീഷ്മം, ശരത്കാലം എന്നീ എല്ലാ ഋതുക്കളിലൂടെയും കടന്നുപോകുന്നു. ഓരോ രാജ്യത്തെയും മതകാര്യ അധികാരികള്‍ പുതിയ മാസപ്പിറവി കാണുന്നതോടെ മാത്രമാണ് വ്രതാരംഭം പ്രഖ്യാപിക്കുന്നത്.

