അബുദാബിയില്‍ നിന്ന് യൂറോപ്പിലെ വിവിധ നഗരങ്ങളിലേക്കുള്ള സർവീസുകള്‍ പുനരാരംഭിക്കുന്നത് വിസ് എയർ വീണ്ടും നീട്ടിവെച്ചു.
ഒക്ടോബർ അവസാനത്തോടെ ആരംഭിക്കാനിരുന്ന ആറ് സർവീസുകള്‍ ഇനി അടുത്ത വർഷം ജനുവരി 10-ഓടെ മാത്രമേ പുനരാരംഭിക്കൂ. ക്രാക്കോവ്, കട്ടോവിറ്റ്സ്, സോഫിയ, ക്ലുജ്, ലാർണക, ബുഡാപെസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളെയാണ് ഇത് ബാധിക്കുക.
യൂറോപ്യൻ യൂണിയൻ വ്യോമയാന സുരക്ഷാ ഏജൻസിയുടെ (EASA) പുതിയ സുരക്ഷാ നിർദേശങ്ങളും ഇറാഖ് വ്യോമാതിർത്തിയിലെ നിയന്ത്രണങ്ങളുമാണ് ഈ തീരുമാനത്തിന് പിന്നില്‍. ഇറാഖ് വ്യോമാതിർത്തി ഒഴിവാക്കി കൂടുതല്‍ ദൂരം പറക്കേണ്ടി വരുന്നതും, എയർബസ് എ321നിയോ വിമാനങ്ങള്‍ക്ക് യാത്രാമധ്യേ ഇന്ധനം നിറയ്ക്കാൻ സാങ്കേതിക സ്റ്റോപ്പുകള്‍ വേണമെന്നതും നിലവിലെ ഉയർന്ന ഇന്ധനവിലയില്‍ സർവീസ് ലാഭകരമല്ലാതാക്കുന്നു എന്ന് വിസ് എയർ വ്യക്തമാക്കി. മുൻകൂട്ടി ടിക്കറ്റെടുത്ത യാത്രക്കാരെ നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ പകരം സംവിധാനങ്ങള്‍ നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

