Dailyhunt

ബഹിരാകാശ മാലിന്യങ്ങളെ സൂര്യൻ ഭൂമിയിലേക്ക് തിരികെ വീഴ്ത്തും; നിര്‍ണ്ണായക കണ്ടെത്തലുമായി ഐഎസ്‌ആര്‍ഒ

Kerala Voter 1 week ago

ഭൂമിയുടെ ഭ്രമണപഥത്തിലുള്ള ബഹിരാകാശ അവശിഷ്ടങ്ങളെ സൂര്യൻ കൂടുതല്‍ വേഗത്തില്‍ പുറന്തള്ളാൻ സഹായിക്കുന്നു എന്ന നിർണ്ണായക കണ്ടെത്തലുമായി ഐഎസ്‌ആർഒ.

സൂര്യന്റെ പ്രവർത്തനങ്ങള്‍ തീവ്രമാകുമ്പോള്‍ ബഹിരാകാശ മാലിന്യങ്ങള്‍ വേഗത്തില്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ വീഴുന്നു എന്നാണ് ഐഎസ്‌ആർഒയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. സുരക്ഷിതമായ ബഹിരാകാശ ദൗത്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ ഈ കണ്ടെത്തല്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് കരുതപ്പെടുന്നത്.

സൂര്യന്റെ 11 വർഷത്തെ ചക്രത്തില്‍ സൂര്യൻ ഏറ്റവും സജീവമായിരിക്കുന്ന ഘട്ടത്തില്‍ പുറപ്പെടുവിക്കുന്ന തീവ്രമായ വികിരണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലെ ഉയർന്ന പാളിയായ തെർമോസ്ഫിയറിനെ ചൂടാക്കുന്നു. ഇതുമൂലം 160 മുതല്‍ 2000 കിലോമീറ്റർ വരെ ഉയരത്തില്‍ കറങ്ങുന്ന ഉപഗ്രഹാവശിഷ്ടങ്ങളുടെ വേഗത കുറയുകയും അവ താഴ്ന്ന ഭ്രമണപഥത്തിലേക്ക് വലിച്ചിടപ്പെടുകയും ചെയ്യുന്നു. ഒടുവില്‍ ഇവ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച്‌ നശിക്കുകയോ തിരികെ വീഴുകയോ ചെയ്യുന്നു.

വിക്രം സാരാഭായ് സ്പേസ് സെന്ററിലെ സ്പേസ് ഫിസിക്സ് ലബോറട്ടറിയില്‍ നിന്നുള്ള ശാസ്ത്രജ്ഞയായ ആയിഷ എം. അഷ്‌റൂഫിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ 34 വർഷത്തെ വിവരങ്ങളാണ് വിശകലനം ചെയ്തത്. 1986 മുതല്‍ 2024 വരെയുള്ള മൂന്ന് സൗരചക്രങ്ങള്‍ നിരീക്ഷിച്ചതില്‍ നിന്ന്, സൂര്യൻ സജീവമാകുമ്പോള്‍ ഭ്രമണപഥത്തിലെ അവശിഷ്ടങ്ങള്‍ വേഗത്തില്‍ താഴുന്നതായി സ്ഥിരീകരിച്ചു. ഓരോ 90 മുതല്‍ 120 മിനിറ്റിലും ഭൂമിയെ വലംവയ്ക്കുന്ന 17 ഓളം ബഹിരാകാശ മാലിന്യങ്ങള്‍ ഇത്തരത്തില്‍ സൗരപ്രവർത്തനങ്ങള്‍ കൂടുമ്പോള്‍ കിലോമീറ്ററുകളോളം ഉയരം കുറയുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഭാവിയിലെ ബഹിരാകാശ പ്രവർത്തനങ്ങള്‍ കൂടുതല്‍ സുസ്ഥിരമായി ആസൂത്രണം ചെയ്യാൻ ഈ പഠനം സഹായിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter