ഒട്ടേറെ പുതുമകളുമായി എത്തുന്ന മലയാള ചിത്രം 'ഭൗമ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നവംബർ 12ന് തിയേറ്ററുകളിലെത്തും.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. കേരളത്തില്‍ ഭാവന റിലീസാണ് വിതരണച്ചുമതല നിർവഹിക്കുന്നത്.
ചിത്രത്തിന്റെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. 'പെൻഡുലം' എന്ന ചിത്രത്തിന് ശേഷം റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്. ആറ്റസ് ഫിലിംസിന്റെ ബാനറില്‍ ബസം കാദിയാറാണ് നിർമാണം.
രേവതി ശർമ്മ, അതിഥി ബാലൻ, ലെന, മധുപാല്‍, മോക്ഷ സെൻഗുപ്ത, മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയില്‍, പ്രവീണ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.
ശരണ്‍ വേലായുധനാണ് ഛായാഗ്രഹണം. സൂരജ് ഇ.എസ്. എഡിറ്റിങ്ങും ക്രിസ്റ്റോ സേവ്യർ സംഗീതവും നിർവഹിക്കുന്നു.

