ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചതിന് പിന്നാലെ പ്രമുഖ ചലച്ചിത്ര നടൻ ദേവൻ, വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തില്‍ (ടി.വി.കെ) ചേർന്നു.
ടി.വി.കെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ചാലക്കുടിയിലെ വീട്ടില്‍ തമിഴ്നാട് ഘടകത്തില്‍ നിന്നുള്ള നേതാക്കളും നടി പ്രിയങ്കയും ദേവനെ സന്ദർശിച്ചിരുന്നു. സെപ്റ്റംബർ 10-ന് ശേഷം വിജയിയുമായി നടക്കുന്ന ചെന്നൈ കൂടിക്കാഴ്ചയ്ക്ക് ശേഷമാകും പാർട്ടിയിലെ പുതിയ ചുമതലകളെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം.
ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയമാണ് താൻ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാന ബി.ജെ.പിയില്‍ അത് കാണാൻ സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദേവൻ പാർട്ടി വിട്ടത്. അതേസമയം, ബി.ജെ.പിയില്‍ നിന്നിട്ട് കാര്യങ്ങള്‍ ചെയ്യാൻ സാധിക്കാത്തതിനാലും വിജയ് ചെയ്യുന്ന കാര്യങ്ങള്‍ മനസ്സിലാക്കിയുമാണ് ദേവൻ ടി.വി.കെയില്‍ ചേരാൻ തീരുമാനിച്ചതെന്ന് നടി പ്രിയങ്ക പ്രതികരിച്ചു.

