ബ്രസീലിന് പിന്നാലെ യുറഗ്വായ്ക്കെതിരെയും ഇന്ത്യൻ ഫുട്ബോള്‍ ടീം സൗഹൃദമത്സരം കളിക്കും. ഒക്ടോബർ ആറിന് കൊല്‍ക്കത്തയിലാണ് ഈ ചരിത്രപരമായ പോരാട്ടം നടക്കുകയെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) ഔദ്യോഗികമായി അറിയിച്ചു.
ഇതിന് മുന്നോടിയായി സെപ്റ്റംബർ 26-ന് പാനമയ്ക്കെതിരെയും ഒക്ടോബർ മൂന്നിന് ബ്രസീലിനെതിരെയും ഇന്ത്യ കളത്തിലിറങ്ങുന്നുണ്ട്.
സെപ്റ്റംബർ 21 മുതല്‍ ഒക്ടോബർ ആറ് വരെ ഇൻഡൊനീഷ്യയില്‍ നടക്കാനിരുന്ന പ്രഥമ ആസിയാൻ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറിയ ശേഷമാണ് ഈ തിരുമാനം വന്നത്. ബ്രസീല്‍, യുറഗ്വായ് തുടങ്ങിയ മുൻനിര ടീമുകളുമായുള്ള മത്സരങ്ങള്‍ ഇന്ത്യൻ താരങ്ങള്‍ക്ക് വലിയ പരിചയസമ്പത്ത് നല്‍കുമെന്ന വിലയിരുത്തലിലാണ് എ.ഐ.എഫ്.എഫ് ഈ വലിയ മാറ്റത്തിന് മുതിർന്നത്. വൻകിട ശക്തികള്‍ക്കെതിരെയുള്ള ഈ പോരാട്ടങ്ങള്‍ കാണാൻ ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ്.

