സൗദി അറേബ്യയിലെ പ്രമുഖ കാർഷിക സാമ്പത്തിക ഉത്സവങ്ങളിലൊന്നായ ബുറൈദ അന്താരാഷ്ട്ര ഈന്തപ്പഴ മേളയ്ക്ക് നാളെ തുടക്കമാകും.
ഒക്ടോബർ 14 വരെ നീണ്ടുനില്‍ക്കുന്ന ഈ വാർഷിക മേള രാജ്യത്തെ തന്നെ ഏറ്റവും വലിയ ഈന്തപ്പഴ വിപണന സീസണുകളില്‍ ഒന്നാണ്.
സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് കർഷകരും വ്യാപാരികളും ഇറക്കുമതിക്കാരും മേളയുടെ ഭാഗമാകും. വിപണനത്തിന് പുറമെ വിപുലമായ സാംസ്കാരിക, വിനോദസഞ്ചാര പരിപാടികളും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. ഖസീം പ്രവിശ്യയുടെ പാരമ്പര്യ കാർഷിക പൈതൃകം വിളിച്ചോതുന്ന റൂറല്‍ ഫാം, കിങ് ഖാലിദ് കള്‍ച്ചറല്‍ സെന്റർ എന്നിവിടങ്ങളിലാണ് പ്രധാന കലാ-സാംസ്കാരിക പരിപാടികള്‍ അരങ്ങേറുക.
1.1 കോടിയിലധികം ഈന്തപ്പനകളുള്ള ഖസീം പ്രവിശ്യയില്‍ പ്രതിവർഷം ശരാശരി 5,78,000 ടണ്‍ ഈന്തപ്പഴമാണ് ഉല്‍പാദിപ്പിക്കുന്നത്. ഈ സീസണിലൂടെ ഏകദേശം 320 കോടി സൗദി റിയാലിന്റെ സാമ്പത്തിക ഇടപാടുകളും അയ്യായിരത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തുന്നത്.

