Dailyhunt
ചന്ദ്രനെ ചുറ്റി ചരിത്രം കുറിച്ച്‌ ആര്‍ട്ടെമിസ് II മടക്കയാത്ര ആരംഭിച്ചു; ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന നേട്ടം സ്വന്തം

ചന്ദ്രനെ ചുറ്റി ചരിത്രം കുറിച്ച്‌ ആര്‍ട്ടെമിസ് II മടക്കയാത്ര ആരംഭിച്ചു; ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന നേട്ടം സ്വന്തം

Kerala Voter 1 week ago

ന്ദ്രനെ വലംവെച്ച്‌ മനുഷ്യർ നടത്തിയ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ യാത്രയ്ക്ക് ശേഷം ആർട്ടെമിസ് II ദൗത്യസംഘം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു.

റീഡ് വൈസ്‌മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോക്ക്‌, ജെർമി ഹാൻസൻ എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് 54 വർഷം പഴക്കമുള്ള റെക്കോർഡുകള്‍ തകർത്ത് ചരിത്രം കുറിച്ചത്. ഭൂമിയില്‍ നിന്ന് ഏകദേശം 4.04 ലക്ഷം കിലോമീറ്റർ അകലെ വരെ എത്തിയ ഇവർ, ചന്ദ്രന്റെ ഉപരിതലത്തിന് 6,550 കിലോമീറ്റർ അടുത്തുവരെ സഞ്ചരിച്ചു. 1970-ല്‍ അപ്പോളോ 13 ദൗത്യം സ്ഥാപിച്ച ദൂരപരിധിയെക്കാള്‍ 6,602 കിലോമീറ്റർ അധികമാണിത്.

ചന്ദ്രന്റെ മറുപുറത്തുകൂടി (Far side of the Moon) യാത്ര ചെയ്ത സംഘം, പർവ്വതങ്ങളും ലാവകളും നിറഞ്ഞ ഒറിയന്റല്‍ ഗർത്തമേഖല നേരിട്ട് കാണുന്ന ആദ്യത്തെ മനുഷ്യരെന്ന നേട്ടവും സ്വന്തമാക്കി. ചന്ദ്രന്റെ മറുപുറത്ത് എത്തിയപ്പോള്‍ ഏകദേശം 40 മിനിറ്റോളം നാസയുമായുള്ള ആശയവിനിമയം നിലച്ചിരുന്നുവെങ്കിലും ദൗത്യം വിജയകരമായി പൂർത്തിയാക്കി പേടകം ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുകയാണ്. വെള്ളിയാഴ്ച പസഫിക് സമുദ്രത്തില്‍ സാൻ ഡീഗോ തീരത്തിന് സമീപം പാരച്യൂട്ടുകളുടെ സഹായത്തോടെ ഒറിയോണ്‍ പേടകം ലാൻഡ് ചെയ്യും.

ബഹിരാകാശ സഞ്ചാരികള്‍ പേടകത്തിനുള്ളിലിരുന്ന് ഭൂമിയുടെ ഉദയവും അസ്തമനവും സൂര്യഗ്രഹണവും ദർശിച്ചു. ആർട്ടെമിസ് II-ന്റെ ഈ വിജയം 2027-ല്‍ നടക്കാനിരിക്കുന്ന ആർട്ടെമിസ് III ദൗത്യത്തിന് വലിയ കരുത്താകും. അടുത്ത ദൗത്യത്തില്‍ മനുഷ്യനെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറക്കാനാണ് നാസ ലക്ഷ്യമിടുന്നത്. അരനൂറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനില്‍ കാലുകുത്താനൊരുങ്ങുന്നതിന്റെ ആദ്യഘട്ടം ഇതോടെ വിജയകരമായി പൂർത്തിയാവുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter