ദുബൈയിലെ ജനസംഖ്യയില്‍ വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തിയതായി ഡിജിറ്റല്‍ ദുബൈയുടെ പുതിയ കണക്കുകള്‍. മുൻവർഷത്തെ അപേക്ഷിച്ച് 7.5 ശതമാനത്തിന്റെ വളർച്ചയോടെ ദുബൈയിലെ നിവാസികളുടെ എണ്ണം 45.8 ലക്ഷം പിന്നിട്ടു.
തൊഴില്‍ ആവശ്യങ്ങള്‍ക്കായി മറ്റ് എമിറേറ്റുകളില്‍ നിന്ന് എത്തുന്നവരും സഞ്ചാരികളും ഉള്‍പ്പെടെ പകല്‍സമയങ്ങളില്‍ ദുബൈയിലുള്ളവരുടെ ആകെ എണ്ണം 63.92 ലക്ഷം കടക്കുന്നതായും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
മുൻവർഷത്തെക്കാള്‍ ഏകദേശം 3.32 ലക്ഷത്തോളം പേരുടെ വർധനവാണ് ജനസംഖ്യയിലുണ്ടായിട്ടുള്ളത്. ആകെ നിവാസികളില്‍ 69 ശതമാനവും പുരുഷന്മാരാണ്. ദിവസവും പതിനെട്ട് ലക്ഷത്തിലധികം ആളുകളാണ് ജോലിക്കായും മറ്റുമായി മറ്റ് എമിറേറ്റുകളില്‍ നിന്ന് ദുബൈയിലേക്ക് എത്തുന്നത്. 1881-ല്‍ കേവലം 12,000 മാത്രമായിരുന്ന ദുബൈ ജനസംഖ്യ 144 വർഷങ്ങള്‍ കൊണ്ട് 380 മടങ്ങിലധികമായി വളർന്നു എന്നത് ശ്രദ്ധേയമാണ്.

