കർണാടകയില്‍ ഡി.കെ. ശിവകുമാർ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുൻകൂട്ടി നിശ്ചയിച്ച ടേം വ്യവസ്ഥയനുസരിച്ച് സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഡി.കെ.
ശിവകുമാർ ഭരണനേതൃത്വത്തിലേക്ക് എത്തുന്നത്. ഭരണഘടന കൈയിലേന്തിയാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്. ഡി.കെയ്ക്കൊപ്പം ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സ്ഥാനമൊഴിഞ്ഞ സിദ്ധരാമയ്യയെ എ.ഐ.സി.സി പ്രവർത്തക സമിതിയില്‍ (CWC) ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര, മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് എന്നിവരും ഉടൻ സത്യപ്രതിജ്ഞ ചെയ്യും. വരുന്ന 18-ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ പൂർണ്ണമായി വിപുലീകരിക്കും.
ഭൂരിഭാഗം എം.എല്‍.എമാരുടെ പിന്തുണ സിദ്ധരാമയ്യക്ക് ആയിരുന്നിട്ടും, 2028-ല്‍ നടക്കാനിരിക്കുന്ന അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് ഹൈക്കമാൻഡിന്റെ ഈ നിർണ്ണായക തീരുമാനം. 80 വയസുകാരനായ സിദ്ധരാമയ്യയേക്കാള്‍, പ്രായം കുറഞ്ഞ ഊർജ്ജസ്വലനായ ഡി.കെ. ശിവകുമാർ പാർട്ടിയെ നയിക്കട്ടെ എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

