എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിട്ട സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കുടുംബം.
തീരുമാനം വലിയ ആശ്വാസമാണെന്നും ഇത്ര വേഗത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു.മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരില്‍ കണ്ട് വിഷയം അവതരിപ്പിച്ചിരുന്നുവെന്നും അവരുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമാണ് ലഭിച്ചതെന്നും മഞ്ജുഷ പറഞ്ഞു. കേസന്വേഷണം സിബിഐക്ക് കൈമാറിയതോടെ സത്യാവസ്ഥ പുറത്തുവരുമെന്ന പ്രതീക്ഷയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
നവീൻ ബാബുവിന്റെ സഹോദരൻ പ്രവീണ്‍ ബാബുവും സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. മരണശേഷം നടന്ന പ്രാഥമിക അന്വേഷണം ശരിയായ ദിശയിലാണെന്ന് ആദ്യം കരുതിയിരുന്നെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ അന്വേഷണത്തിലെ വീഴ്ചകള്‍ വ്യക്തമായതായി അദ്ദേഹം പറഞ്ഞു.മുൻ സർക്കാർ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചതെന്നും അന്വേഷണം തൃപ്തികരമായി മുന്നോട്ട് പോകുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നുവെന്നും പ്രവീണ്‍ ബാബു ആരോപിച്ചു. പമ്പിന്റെ യഥാർഥ ഉടമസ്ഥൻ ആരാണെന്നത് ഉള്‍പ്പെടെ നിരവധി നിർണായക ചോദ്യങ്ങള്‍ക്ക് ഇതുവരെ ഉത്തരമായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കുടുംബം കണ്ടെത്തിയ 30-ലധികം സംശയകരമായ കാര്യങ്ങള്‍ സിബിഐ വിശദമായി അന്വേഷിക്കണമെന്നും അന്വേഷണത്തിലെ എല്ലാ പോരായ്മകളും കണ്ടെത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

