കേരള ക്രിക്കറ്റ് ലീഗിലെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് - തൃശ്ശൂർ ടൈറ്റൻസ് മത്സരത്തിന് ശേഷം കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തെ അക്ഷരാർത്ഥത്തില്‍ ആവേശത്തിലാഴ്ത്തി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ല്‍.
ആരാധകർക്കായി ബാറ്റ് കയ്യിലെടുത്ത 'യൂണിവേഴ്‌സ് ബോസ്' സ്റ്റേഡിയത്തില്‍ സിക്‌സർ മഴ പെയ്യിച്ചു.
മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉടമ സുഭാഷ് മാനുവല്‍, തൃശ്ശൂർ ടൈറ്റൻസ് യുവതാരം മുഹമ്മദ് ഇനാൻ എന്നിവർ എറിഞ്ഞ പന്തുകളെല്ലാം ഗെയ്ല്‍ അനായാസം ബൗണ്ടറി കടത്തി. പിന്നീട് ബാറ്റ് വീശാനിറങ്ങിയ ശ്രീശാന്തിനായി സാക്ഷാല്‍ ക്രിസ് ഗെയ്ല്‍ തന്നെ പന്തെറിഞ്ഞതും ഗാലറിക്ക് ഇരട്ടി മധുരമായി.
വെടിക്കെട്ട് പ്രകടനത്തിന് പുറമെ ശ്രീശാന്തിന്റെ ശിക്ഷണത്തില്‍ നടൻ മോഹൻലാലിന്റെ സ്റ്റൈല്‍ അനുകരിച്ച് 'എന്താ മോനെ ദിനേശാ...' എന്ന മാസ് ഡയലോഗും പറഞ്ഞ് ഗെയ്ല്‍ കാണികളുടെ മനംകവർന്നു. ചടങ്ങില്‍ കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ്. കുമാർ ക്രിസ് ഗെയിലിനെ ആദരിച്ചു.

