കനത്ത മഴയിലും മണ്ണിടിച്ചിലിലും വീടും സ്ഥലവും നഷ്ടപ്പെട്ട് വാസയോഗ്യമല്ലാതായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് സർക്കാർ ഭൂമി കണ്ടെത്താൻ തീരുമാനം.
ജില്ലാ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. ലഭ്യമായ റവന്യൂ ഭൂമി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നല്‍കി. വീടുകളിലേക്ക് തിരിച്ചുപോകാൻ കഴിയാത്ത 23 കുടുംബങ്ങള്‍ക്ക് താല്‍ക്കാലികമായി വാടക വീടുകള്‍ ലഭ്യമാക്കാൻ പഞ്ചായത്തുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജില്ലയില്‍ 1.36 കോടി രൂപയുടെ കാർഷിക നാശനഷ്ടവും 117 റോഡുകള്‍ക്ക് തകർച്ചയും സംഭവിച്ചു. പി.ഡബ്ല്യു.ഡിയുടെ 46 റോഡുകള്‍ക്ക് 9 കോടിയുടെയും തദ്ദേശ വകുപ്പിന്റെ 71 റോഡുകള്‍ക്ക് 74 ലക്ഷത്തിന്റെയും നാശനഷ്ടമുണ്ടായി. മൂന്നാറില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും ദേശീയപാത നിർമ്മാണ മേഖലകളിലും വിദഗ്ധ സംഘം സംയുക്ത പരിശോധന നടത്തും. നിലവില്‍ ഇടുക്കി അടക്കമുള്ള ഡാമുകളിലെ ജലനിരപ്പ് സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു.

