വേനല്‍ക്കാല അവധിയും യാത്രാ തിരക്കും കണക്കിലെടുത്ത് ഇൻഡിഗോ എയർലൈൻസ് മസ്‌കത്ത്-ഹൈദരാബാദ് സെക്ടറില്‍ നേരിട്ടുള്ള പ്രതിദിന സർവിസുകള്‍ പുനരാരംഭിക്കുന്നു.
മെയ് 14 മുതലാണ് ഒന്നിടവിട്ട ദിവസങ്ങളില്‍ സർവിസ് ആരംഭിക്കുകയെന്ന് ഇൻഡിഗോ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ സ്‌കൂളുകള്‍ അടക്കുന്നതോടെ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുന്ന തിരക്കേറിയ സീസണ്‍ മുന്നില്‍ കണ്ടാണ് ഈ നീക്കം.
പുതിയ സമയക്രമം:
ഇൻഡിഗോയുടെ പുതിയ ഷെഡ്യൂള്‍ പ്രകാരം 6E 1274 നമ്പർ വിമാനം എല്ലാ ദിവസവും പുലർച്ചെ 2.50-ന് മസ്‌കത്തില്‍ നിന്ന് പുറപ്പെട്ട് രാവിലെ 7.45-ന് ഹൈദരാബാദില്‍ എത്തും. തിരികെ ഹൈദരാബാദില്‍ നിന്നുള്ള 6E 1273 വിമാനം രാത്രി 12.05-ന് പുറപ്പെട്ട് പുലർച്ചെ 1.50-ന് മസ്‌കത്തില്‍ തിരിച്ചെത്തും.
അവധിക്കാലത്തെ യാത്രാ ഡിമാൻഡ് പരിഗണിച്ച് മസ്‌കത്തില്‍ നിന്ന് കേരളത്തിലേക്കുള്ള എല്ലാ സർവിസുകളും മെയ് അഞ്ച് മുതല്‍ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്‌പ്രസ്സും നേരത്തെ അറിയിച്ചിരുന്നു. ഇതുപ്രകാരം മസ്കത്ത്- കൊച്ചി, മസ്കത്ത്- കോഴിക്കോട് സെക്ടറുകളില്‍ മെയ് അഞ്ച് മുതല്‍ വിമാനങ്ങള്‍ പറന്നുതുടങ്ങും. കണ്ണൂർ, തിരുവനന്തപുരം സെക്ടറുകളിലെ സർവിസുകള്‍ ഏപ്രില്‍ ആദ്യം തന്നെ എയർ ഇന്ത്യ എക്സ്‌പ്രസ് പുനരാരംഭിച്ചിരുന്നു. എന്നാല്‍ സലാലയില്‍ നിന്നുള്ള കേരള സർവിസുകളുടെ കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

