ഇറാന്റെ സമ്പദ്‌വ്യവസ്ഥ പൂർണായും തകർന്നിരിക്കുന്നതായും അവിടുത്തെ ജനങ്ങള്‍ സർക്കാരിനെതിരെ പ്രതിഷേധം ഉയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ആക്രമണങ്ങള്‍ ശക്തമാവുകയും സംഘർഷം വഷളാകുകയും ചെയ്യുന്നതിനിടയില്‍, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏതാണ്ട് പൂർണമായും ഇപ്പോള്‍ യുഎസിനാണെന്നും ട്രംപ് അവകാശപ്പെട്ടു.
ഇറാനെ വീണ്ടും സമാധാന ചർച്ചകള്‍ക്കായി കൊണ്ടുവരാൻ താൻ ശ്രമിക്കുകയാണെന്ന എബിസി ന്യൂസിന്റെ റിപ്പോർട്ട് തള്ളിയ ട്രംപ്, അവരെ ഒരു കരാറിലേക്ക് നയിക്കാൻ തനിക്ക് താത്പര്യമില്ലെന്ന് വ്യക്തമാക്കി. ചൊവ്വാഴ്ച, ഇറാനെതിരെ യുഎസ് പുതിയ വ്യോമാക്രമണ പരമ്പര നടത്തി മണിക്കൂറുകള്‍ക്കകം ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ നയം വ്യക്തമാക്കിയത്.
'എബിസി വ്യാജ വാർത്ത നല്‍കിയതുപോലെ, ഇറാനെ ചർച്ചയിലേക്ക് മടക്കി കൊണ്ടുവരാൻ ഞാൻ ശ്രമിക്കുന്നില്ല. അവർക്ക് യാതൊരു വിലയുമില്ലാത്ത ഒരു കരാറില്‍ അവർ ഒപ്പിട്ടാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല.' പ്രസിഡന്റ് പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏതാണ്ട് പൂർണമായും യുഎസിനാണെന്നും ഇറാന്റെ സമ്പദ്‌വ്യവസ്ഥ പൂർണ്ണമമായി തകർച്ചയുടെ വക്കിലാണെന്നും അദ്ദേഹം ആരോപിച്ചു. സമാധാനകരാറിനപ്പുറം ഈ സാഹചര്യത്തെയാണ് താൻ കൂടുതല്‍ അനുകൂലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'അനിവാര്യമായ സാഹചര്യത്തിലൂടെയാണ് അവർ ഇപ്പോള്‍ കടന്നുപോകുന്നത്.' യുഎസ് പ്രസിഡന്റ് പറഞ്ഞു.

